You are currently viewing കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം; ഉത്തരവിട്ട് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം; ഉത്തരവിട്ട് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ

കോട്ടയം: വാഹനാപകടത്തിൽ അന്തരിച്ച നടൻ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവിട്ടു. അടിസ്ഥാന നഷ്ടപരിഹാരമായ 1,41,09,840 രൂപയും പലിശയും കോടതി ചെലവുകളും ഉൾപ്പെടെയുള്ള തുകയാണ് കുടുംബത്തിന് ലഭിക്കുക.

കേസിൽ മൂന്നാം എതിർകക്ഷിയായ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരത്തുക നൽകേണ്ടത്. ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം തുക കോടതിയിൽ കെട്ടിവയ്ക്കണമെന്നാണ് ട്രൈബ്യൂണലിന്റെ നിർദേശം.

കൊല്ലം സുധിയുടെ ഭാര്യ, അമ്മ, രണ്ട് മക്കൾ എന്നിവരെയാണ് നഷ്ടപരിഹാരത്തിന് അർഹരായ ആശ്രിതരായി പരിഗണിച്ചിരിക്കുന്നത്. സുധിയുടെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന് കുടുംബം നൽകിയ നഷ്ടപരിഹാര ഹർജിയിലാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്.

2023 ജൂൺ അഞ്ചിന് തൃശ്ശൂർ കൈപ്പമംഗലത്തുണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായിരുന്ന സുധിയുടെ വിയോഗം സിനിമാ-ടെലിവിഷൻ രംഗത്തും വലിയ ദുഃഖമുണ്ടാക്കിയിരുന്നു.

Leave a Reply