You are currently viewing സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാ നിരക്കിന് തടയിടാൻ നിയമം; ബിൽ തയ്യാറാക്കാൻ പ്രത്യേക സമിതി

സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാ നിരക്കിന് തടയിടാൻ നിയമം; ബിൽ തയ്യാറാക്കാൻ പ്രത്യേക സമിതി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാ നിരക്കും ചൂഷണവും നിയന്ത്രിക്കാൻ കേരള സർക്കാർ നിയമസഭയിൽ പുതിയ ബിൽ കൊണ്ടുവരുന്നു. സ്വകാര്യ ആരോഗ്യമേഖലയിൽ ഭീമമായ തുക ഈടാക്കുന്നതിനെതിരെ വ്യാപക പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ നീക്കം.

ബില്ലിന്റെ കരട് തയ്യാറാക്കാനും സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് വർധിക്കുന്നതിനെക്കുറിച്ച് പഠിക്കാനുമായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ പ്രത്യേക സമിതി രൂപീകരിച്ചു. ഡി.എം.ഇ, ഡി.എച്ച്.എസ്, മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എം.ഡി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ഒരു മാസത്തിനകം സമിതി സമർപ്പിക്കുന്ന വിശദമായ പഠന റിപ്പോർട്ടിന്റെയും ശുപാർശകളുടെയും അടിസ്ഥാനത്തിലായിരിക്കും നിയമസഭയിൽ അവതരിപ്പിക്കാനുള്ള ബിൽ അന്തിമമായി തയ്യാറാക്കുക.

ഓരോ രോഗത്തിനുമുള്ള ചികിത്സാ നിരക്ക്, മുറി വാടക, ഡോക്ടർമാരുടെ ഫീസ് എന്നിവയ്ക്ക് വ്യക്തമായ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുകയാണ് ബില്ലിന്റെ ലക്ഷ്യം. സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന മരുന്നുകളുടെ ഉയർന്ന വില നിയന്ത്രിക്കാനും, ആശുപത്രികളിലെ മരുന്ന് വാങ്ങൽ കാരുണ്യ പോലെയുള്ള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സംവിധാനങ്ങൾ വഴിയാക്കാൻ കഴിയുമോ എന്നും സമിതി പരിശോധിക്കും.

വൻകിട ബഹുരാഷ്ട്ര കമ്പനികൾ പ്രാദേശിക സ്വകാര്യ ആശുപത്രികളെ ഏറ്റെടുക്കുകയും തുടർന്ന് ചികിത്സാ നിരക്ക് കുത്തനെ കൂട്ടുകയും ചെയ്യുന്ന പ്രവണത തടയാനും പുതിയ നിയമനിർമാണത്തിലൂടെ കഴിയുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

ഇതിനു പുറമേ, ഹൈക്കോടതി നിർദേശിച്ചതുപ്രകാരം ആശുപത്രികളിൽ ചികിത്സാ നിരക്കുകൾ കൃത്യമായി പ്രദർശിപ്പിക്കണമെന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റിലെ വ്യവസ്ഥകൾ ശക്തമായി നടപ്പാക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്.

Leave a Reply