You are currently viewing പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്

പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സിപിഎം നേതാക്കളായ വി. ജോയി എംഎൽഎയ്ക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ കയറി എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചെന്ന ആരോപണം നേരിടുന്ന കന്റോൺമെന്റ് എസ്എച്ച്ഒ സതീഷ് കുമാറിനും എസ്ഐ ഗോകുലിനുമെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു സിപിഎമ്മിന്റെ പ്രതിഷേധ മാർച്ച്.

എജിഎസ് ഓഫീസിന് മുന്നിൽ നടന്ന മാർച്ചിനിടെ അസിസ്റ്റന്റ് കമ്മീഷണറുമായി സംസാരിക്കവെയാണ് വി. ജോയിയും കടകംപള്ളി സുരേന്ദ്രനും വിവാദ പരാമർശങ്ങൾ നടത്തിയത്.

“അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഇവിടെയൊരു കൊലപാതകം നടക്കും” എന്നായിരുന്നു വി. ജോയിയുടെ പരാമർശം. “എസ്ഐ ഗോകുലും സതീഷ് കുമാറും തിരികെ വീട്ടിലെത്തി കുട്ടികളെ കാണില്ല” എന്നായിരുന്നു കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് രവീന്ദ്രൻ നൽകിയ പരാതിയിലും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുമാണ് പൊലീസ് കേസെടുത്തത്.

അതേസമയം, പൊലീസിന്റെ പ്രകോപനപരമായ നടപടികൾ തുടർന്നാൽ സമരത്തിലുള്ള വിദ്യാർത്ഥികൾക്ക് അപായം സംഭവിച്ചേക്കാമെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് വി. ജോയി വിശദീകരിച്ചിട്ടുണ്ട്. സംഭവത്തിൽ തുടർനടപടികൾ പൊലീസ് സ്വീകരിച്ചുവരികയാണ്.

Leave a Reply