You are currently viewing തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ മാർച്ച്; പ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ മാർച്ച്; പ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ മാർച്ചിനിടെ നാടകീയ രംഗങ്ങൾ. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നീങ്ങിയ പ്രതിപക്ഷ എംപിമാരെ നിതി ആയോഗിന് സമീപം പൊലീസ് തടഞ്ഞതിനെ തുടർന്ന് നിരവധി നേതാക്കളെ കസ്റ്റഡിയിലെടുത്തു. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്രയെയും പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

വോട്ടർപട്ടികയിലെ മാറ്റങ്ങൾ ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായ രീതിയിലാണെന്ന ആരോപണവും പ്രതിപക്ഷ നേതാക്കൾ ഉന്നയിച്ചു. ജ്ഞാനേഷ് കുമാർ രാജിവയ്ക്കണമെന്നും പ്രത്യേക തീവ്രപരിഷ്‌കരണം പിൻവലിക്കണമെന്നും വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തവരുടെ പേരുകൾ പുനഃസ്ഥാപിക്കണമെന്നുമാണ് പ്രധാന ആവശ്യങ്ങൾ.

കനത്ത പൊലീസ് സന്നാഹവും ബാരിക്കേഡുകളും മറികടക്കാൻ ശ്രമിച്ചതോടെ പ്രതിഷേധം സംഘർഷഭരിതമായി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബാരിക്കേഡിന് മുകളിൽ കയറി ദേശീയപതാക വീശി. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ നിരവധി പ്രതിപക്ഷ എംപിമാരെയും കസ്റ്റഡിയിലെടുത്തു.

പിന്നീട് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആകാശവാണി ഭവൻ വളപ്പിലേക്ക് പ്രവേശിച്ചതോടെ പ്രതിഷേധത്തിന് പുതിയ വഴിത്തിരിവുണ്ടായി. ഇരുവരും വളപ്പിൽ ഇരുന്ന് പ്രതിഷേധം തുടർന്നു. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സമീപത്ത് ധർണ നടത്തി.

പ്രതിഷേധം തുടരുന്നതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ പ്രതിപക്ഷവും കേന്ദ്ര സർക്കാരും തമ്മിലുള്ള രാഷ്ട്രീയ തർക്കം കൂടുതൽ ശക്തമായി. തെരഞ്ഞെടുപ്പ് പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിക്കളഞ്ഞിട്ടുണ്ട്.

Leave a Reply