You are currently viewing ഫേസ്ബുക്ക് കമന്റിന്റെ പേരിൽ സൗദിയിൽ ശ്രീലങ്കൻ യുവാവിന് വധശിക്ഷ

ഫേസ്ബുക്ക് കമന്റിന്റെ പേരിൽ സൗദിയിൽ ശ്രീലങ്കൻ യുവാവിന് വധശിക്ഷ

  • Post author:
  • Post published:
  • Post category:World
  • Post comments:0 Comments

റിയാദ്: പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തിലുള്ള കമന്റ് ഫേസ്ബുക്കിൽ പങ്കുവെച്ചെന്ന കേസിൽ ശ്രീലങ്കൻ കുടിയേറ്റ തൊഴിലാളിയായ അനോജൻ ശിവരസയ്ക്ക് സൗദി അറേബ്യയിൽ വധശിക്ഷ. 24കാരനായ അനോജൻ ശ്രീലങ്കയിലെ കൽമുനൈ സ്വദേശിയാണ്. സെപ്റ്റംബർ 17ന് സൗദിയിലെ അപ്പീൽ കോടതി നേരത്തെയുണ്ടായിരുന്ന അഞ്ചുവർഷത്തെ തടവും പിഴയും മാറ്റി വധശിക്ഷ വിധിച്ചതായാണ് റിപ്പോർട്ട്.

ജൂണിൽ ശ്രീലങ്കയിലെ കതിര്‍ഗാമ തീർഥാടനവുമായി ബന്ധപ്പെട്ട് ഒരു മുസ്ലിം യുവാവ് നായയെ ചവിട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദത്തിന് തുടക്കമായത്. ഇതിനെ തുടർന്ന് വിവിധ മതവിഭാഗങ്ങൾ തമ്മിൽ സമൂഹമാധ്യമങ്ങളിൽ തർക്കമുണ്ടായി. ഇതിനിടെയാണ് അനോജൻ തമിഴിൽ ഒരു കമന്റ് പങ്കുവെച്ചത്. സൗദി അധികൃതർ അത് പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിക്കുന്നതാണെന്ന് വിലയിരുത്തി. കമന്റ് പിന്നീട് നീക്കം ചെയ്യുകയും അനോജൻ ക്ഷമാപണ വീഡിയോ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ കമന്റിന്റെ പകർപ്പുകൾ പ്രചരിച്ചതിനെ തുടർന്ന് കേസ് സൗദി അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

ജൂലൈ രണ്ടിന് അനോജനെ സൗദി അധികൃതർ അറസ്റ്റ് ചെയ്തു. അൽ-അഹ്സ ക്രിമിനൽ കോടതി ആദ്യം സൈബർ കുറ്റകൃത്യ നിയമപ്രകാരം അഞ്ചുവർഷം തടവും 30 ലക്ഷം സൗദി റിയാൽ പിഴയും വിധിച്ചിരുന്നു. ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണം കണ്ടുകെട്ടാനും ബന്ധപ്പെട്ട സമൂഹമാധ്യമ അക്കൗണ്ട് അടച്ചുപൂട്ടാനും കോടതി ഉത്തരവിട്ടു.

തുടർന്ന് സൗദി പ്രോസിക്യൂഷൻ ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ നൽകി. മതനിന്ദയുമായി ബന്ധപ്പെട്ട കുറ്റം ശരീഅത്ത് നിയമപ്രകാരം പരിഗണിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇതിനെ തുടർന്നാണ് അപ്പീൽ കോടതി വധശിക്ഷ വിധിച്ചത്.

അനോജന്റെ മോചനത്തിനായി ശ്രീലങ്ക സർക്കാർ നിയമപരവും നയതന്ത്രപരവുമായ ഇടപെടലുകൾ ആരംഭിച്ചിട്ടുണ്ട്. സൗദി രാജാവിനോട് ദയാഹർജി നൽകുന്നതിനും ശിക്ഷ ഇളവ് ചെയ്യുന്നതിനുമുള്ള സാധ്യതകൾ സർക്കാർ തേടുകയാണ്. ശ്രീലങ്കൻ എംബസി സൗദി അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി വിജിത ഹെറത്ത് പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.

ശ്രീലങ്കൻ അഭിഭാഷകരും ജനപ്രതിനിധികളും അനോജന് രാജകീയ മാപ്പ് നൽകണമെന്ന് സൗദി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്, മുസ്ലിം വിഭാഗങ്ങളിൽ നിന്നുള്ള നിരവധി ശ്രീലങ്കൻ എംപിമാരും സെപ്റ്റംബർ 24ന് സൗദി വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി വധശിക്ഷ ഒഴിവാക്കണമെന്ന് അഭ്യർഥിച്ചു.

അപ്പീൽ നടപടികൾ ഉൾപ്പെടെ സൗദി നിയമപ്രകാരം ലഭ്യമായ എല്ലാ മാർഗങ്ങളും പരിശോധിച്ചുവരികയാണ്. കേസിൽ ഇതുവരെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചിട്ടില്ല. അനോജന്റെ ജീവൻ രക്ഷിക്കാനുള്ള നിയമ-നയതന്ത്ര ശ്രമങ്ങൾ തുടരുകയാണ്.

Leave a Reply