
തിരുവനന്തപുരം: കേരളത്തിൽ എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) യാഥാർഥ്യമാകുമെന്ന ഉറപ്പ് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസിന്റെ കാര്യത്തിൽ താൻ നൽകിയ വാക്ക് പാലിക്കുമെന്നും ഇതിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെ വ്യക്തമായ ഉറപ്പ് തനിക്കുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എയിംസിന് തറക്കല്ലിടാതെ അടുത്ത തിരഞ്ഞെടുപ്പിൽ ജനങ്ങളോട് വോട്ട് ചോദിച്ച് താൻ മുന്നിലെത്തില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കേരളത്തിന് എയിംസ് ലഭ്യമാക്കുന്നതിൽ താൻ ഉറച്ച നിലപാടിലാണ്. വിഷയത്തിൽ ഇനി കൂടുതൽ വിശദീകരണം നൽകുന്നതിൽ താൻ മടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

എയിംസ് സ്ഥാപിക്കുന്നതിനായി അനുയോജ്യമായ അഞ്ച് സ്ഥലങ്ങളുടെ കൃത്യമായ നിർദേശം സംസ്ഥാന സർക്കാർ ഇതുവരെ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടില്ലെന്നും സുരേഷ് ഗോപി ആരോപിച്ചു. നിർദേശങ്ങൾ ലഭിക്കുന്ന മുറയ്ക്ക് ഉചിതമായ സമയത്ത് കേന്ദ്രം എയിംസ് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂരിലെ കാർഷിക സർവകലാശാലയുടെ ഭൂമി ഉൾപ്പെടെയുള്ള സാധ്യതകൾ നേരത്തെ തന്നെ കെ. മുരളീധരന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചത് മുൻഗണന സംബന്ധിച്ച സത്യവാങ്മൂലമാണെന്നും അദ്ദേഹം വിശദീകരിച്ചു. ജനങ്ങൾക്ക് വേണ്ടിയാണ് കോടതി നിലകൊള്ളുന്നതെന്നും വിഷയത്തിൽ കോടതിയിൽ നിന്ന് വ്യക്തമായ മറുപടി ലഭിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
എയിംസ് വിഷയവുമായി ബന്ധപ്പെട്ട് തുടർച്ചയായി വിശദീകരണം നൽകേണ്ടിവരുന്നതിൽ താൻ മടുത്തുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.