
തിരുവനന്തപുരം: വിഴിഞ്ഞം തീരക്കടലിൽ വേവ് റൈഡർ ബോയി സ്ഥാപിച്ചതായി പൊതുജനങ്ങൾക്ക് അറിയിപ്പ്. അക്ഷാംശം 8.3459° വടക്കും രേഖാംശം 77.0020° കിഴക്കുമായ ഭൂമിശാസ്ത്ര സ്ഥാനത്താണ് കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രം ഉപകരണം സ്ഥാപിച്ചിരിക്കുന്നത്.

തീരപ്രദേശത്തെ തിരമാലകളുടെ സ്വഭാവം, ദിശയിലെ മാറ്റങ്ങൾ, സമുദ്രമേൽപ്പുറത്തെ പ്രവാഹവേഗം എന്നിവ നിരീക്ഷിക്കുന്നതിനായാണ് വേവ് റൈഡർ ബോയി സ്ഥാപിച്ചത്. സമുദ്ര പ്രവചനങ്ങൾ കൂടുതൽ കൃത്യമാക്കുന്നതിനും മുന്നറിയിപ്പ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി നടത്തുന്ന അക്കാദമിക ഗവേഷണ പദ്ധതിയുടെ ഭാഗമാണിത്.

ഉപകരണത്തിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ ചുഴലിക്കാറ്റ്, സുനാമി തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ പ്രവചന പഠനങ്ങൾക്കും സഹായകരമാകും. സമുദ്രാവസ്ഥകൾ കൂടുതൽ കൃത്യമായി മുൻകൂട്ടി മനസ്സിലാക്കാനും അതുവഴി പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും ഗവേഷണഫലങ്ങൾ പ്രയോജനപ്പെടുമെന്നാണ് അറിയിപ്പ്.
വേവ് റൈഡർ ബോയി സ്ഥാപിച്ചിരിക്കുന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന മത്സ്യബന്ധന വള്ളങ്ങളും വ്യക്തികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഉപകരണത്തിന് ഉദ്ദേശപൂർവം കേടുപാടുകൾ വരുത്തുകയോ അതിൽ അനധികൃതമായി ഇടപെടുകയോ ചെയ്യുന്നത് നിയമപരമായി ശിക്ഷാർഹമാണെന്നും പൊതുജന അറിയിപ്പിൽ വ്യക്തമാക്കുന്നു.