
ചെന്നൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ ഉടൻ നീക്കണമെന്നും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണമായ (എസ്ഐആർ) നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഡിഎംകെ. പാർട്ടി അധ്യക്ഷനും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചെന്നൈയിലെ അണ്ണാ അറിവാലയത്തിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗം ഇതുസംബന്ധിച്ച് നാല് പ്രമേയങ്ങൾ പാസാക്കി.

എസ്ഐആറിലൂടെ അർഹരായ വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെടുന്നുവെന്ന് ആരോപിച്ച ഡിഎംകെ, ഗ്യാനേഷ് കുമാറിന്റെ പ്രവർത്തനങ്ങളിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികൾ ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അധികാരപരിധി ലംഘിച്ചുവെന്നും പാർട്ടി ആരോപിച്ചു.

എസ്ഐആറിനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കുമെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥി സംഘടനകൾക്കും ജനാധിപത്യ പ്രസ്ഥാനങ്ങൾക്കും യോഗം പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, എസ്ഐആർ വിഷയത്തിൽ ഇരട്ടത്താപ്പ് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസിനെയും തമിഴക വെട്രി കഴകത്തെയും (ടിവികെ) വിമർശിച്ചു.
പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. എസ്ഐആർ പൂർണമായി റദ്ദാക്കുക, ഇവിഎമ്മുകൾക്ക് പകരം ബാലറ്റ് പേപ്പർ സംവിധാനം പുനഃസ്ഥാപിക്കുക, തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളെന്ന ആരോപണങ്ങളിൽ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിക്കും.
ബിഹാറിൽ എസ്ഐആർ ആരംഭിച്ച ഘട്ടം മുതൽ സ്റ്റാലിൻ ഇതിനെ എതിർത്തിരുന്നുവെന്നും തമിഴ്നാട്ടിലേക്കും നടപടികൾ വ്യാപിപ്പിച്ചതോടെ ആശങ്ക ശക്തമായെന്നും ഡിഎംകെ നേതാക്കൾ വ്യക്തമാക്കി. അർഹരായ വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും പ്രതിഷേധം തുടരുന്നതിനിടെയാണ് ഡിഎംകെയുടെ പുതിയ നീക്കം. അതേസമയം, വോട്ടർപട്ടിക കൃത്യമാക്കുന്നതിനാണ് പരിഷ്കരണമെന്നും അർഹതയില്ലാത്ത പേരുകൾ നീക്കം ചെയ്യുകയാണ് ലക്ഷ്യമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.