You are currently viewing കാണാതായ അധ്യാപിക അനുമോളെ പാലക്കാട്ടുനിന്ന് കണ്ടെത്തി; ആൺസുഹൃത്തും കസ്റ്റഡിയിൽ

കാണാതായ അധ്യാപിക അനുമോളെ പാലക്കാട്ടുനിന്ന് കണ്ടെത്തി; ആൺസുഹൃത്തും കസ്റ്റഡിയിൽ

കോഴിക്കോട് തൊട്ടിൽപാലത്തുനിന്ന് കാണാതായ സ്കൂൾ അധ്യാപിക അനുമോളെ പാലക്കാട്ടുനിന്ന് കണ്ടെത്തി. ഒക്ടോബർ 5-ന് കാണാതായ അനുമോളെ 12 ദിവസങ്ങൾക്കുശേഷം പാലക്കാട് പുതുശ്ശേരിയിലെ വാടകവീട്ടിൽ നിന്നാണ് തൊട്ടിൽപാലം പൊലീസ് കണ്ടെത്തിയത്. ഇവരോടൊപ്പം ഉണ്ടായിരുന്ന വടകര തോടന്നൂർ സ്വദേശി അബ്ദുൾ സമദിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

അനുമോളെ കണ്ടെത്തുന്നതിനായി നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കാണാതായതിന് പിന്നാലെ അനുമോളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും ഓപ്പൺ വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് വാട്സ്ആപ്പ് പ്രവർത്തിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. വാട്സ്ആപ്പ് ലൊക്കേഷൻ വിവരങ്ങളും അബ്ദുൾ സമദിന്റെ ഫോൺ നമ്പറുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇരുവരിലേക്കും പൊലീസിനെ എത്തിച്ചത്.

മൊയിലോത്തറ ജിഎൽപി സ്കൂളിലെ അധ്യാപികയാണ് അനുമോൾ. വർഷങ്ങൾക്കുമുമ്പ് ഗുരുതരമായ കരൾരോഗം ബാധിച്ചപ്പോൾ ഭർത്താവ് സുഭാഷ് കരൾ പകുത്തുനൽകിയതിലൂടെയാണ് അനുമോൾ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

അനുമോളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. ഈ ഹർജി കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസ് ഇരുവരെയും കണ്ടെത്തിയത്.

കസ്റ്റഡിയിലെടുത്ത അനുമോളെയും അബ്ദുൾ സമദിനെയും വൈദ്യപരിശോധനയ്ക്കും കൗൺസിലിംഗിനും വിധേയരാക്കിയശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply