You are currently viewing കുഴൽമന്ദം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ട്രോമ കെയർ യൂണിറ്റ് സ്ഥാപിക്കാൻ നടപടികൾ തുടങ്ങി

കുഴൽമന്ദം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ട്രോമ കെയർ യൂണിറ്റ് സ്ഥാപിക്കാൻ നടപടികൾ തുടങ്ങി

പാലക്കാട്: കുഴൽമന്ദം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ട്രോമ കെയർ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെയും ജനപ്രതിനിധികളുടെയും സംയുക്തയോഗം ചേർന്നു. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്കായി വാങ്ങി നൽകിയ സ്ഥലവും സംഘം സന്ദർശിച്ചു.

ട്രോമ കെയർ യൂണിറ്റ് സ്ഥാപിക്കണമെന്ന ആവശ്യവുമായി ആലത്തൂർ എംഎൽഎ ടി.എം. ശശി നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചിരുന്നു. തുടർന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരനിൽ നിന്ന് ആശുപത്രി സന്ദർശിക്കുമെന്ന ഉറപ്പും ലഭിച്ചിരുന്നു. എംഎൽഎ എന്ന നിലയിൽ പദ്ധതിയുമായി ബന്ധപ്പെട്ട തുടർ ഇടപെടലുകൾ നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നതായും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്ത് കെട്ടിടം നിർമിക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ നീക്കാൻ കൃഷിവകുപ്പിനെ ചുമതലപ്പെടുത്തി. ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിനുള്ള ചുമതല പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനും നൽകി.

പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സണായും ആശുപത്രി സൂപ്രണ്ട് കൺവീനറായും മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിച്ചു.

കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷക്കിന താജുദ്ദീൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജനപ്രതിനിധികൾക്കൊപ്പം ആർ.ഡി.ഒ ദേവകി കെ., ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു തോമസ്, കൃഷിവകുപ്പ് എ.ഡി.എ ജൂലി ജോർജ് കെ., ബി.ഡി.ഒ രഘുനാഥൻ ആർ., പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജി. ബിജു, ജില്ലാ പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അഭിലാഷ് കൃഷ്ണൻ തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

ട്രോമ കെയർ യൂണിറ്റ് യാഥാർഥ്യമാകുന്നതോടെ അപകടങ്ങളിൽപ്പെടുന്നവർക്ക് സമയബന്ധിതമായി അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

Leave a Reply