You are currently viewing എത്യോപ്യയിൽ ഓർത്തഡോക്സ് ക്രൈസ്തവർക്കെതിരെ കൂട്ടക്കൊല; 60-ലേറെ പേർ കൊല്ലപ്പെട്ടു

എത്യോപ്യയിൽ ഓർത്തഡോക്സ് ക്രൈസ്തവർക്കെതിരെ കൂട്ടക്കൊല; 60-ലേറെ പേർ കൊല്ലപ്പെട്ടു

  • Post author:
  • Post published:
  • Post category:World
  • Post comments:0 Comments

എത്യോപ്യയിലെ ഒറോമിയ മേഖലയിലെ ആർസി സോണിൽ നടന്ന ആക്രമണങ്ങളിൽ 60-ലേറെ ഓർത്തഡോക്സ് ക്രൈസ്തവർ കൊല്ലപ്പെട്ടതായി എത്യോപ്യൻ ഓർത്തഡോക്സ് തേവാഹെഡോ സഭ അറിയിച്ചു. ഒക്ടോബർ 24-ന് ഷിർക്ക വൊറെഡയിലെ ചോലെ, ബിർബോ മേഖലകളിൽ മാത്രം 46 മുതൽ 48 വരെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സ്ത്രീകളും കുട്ടികളും വയോധികരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റതായും 20 വീടുകൾ കത്തിച്ചതായും സഭയുടെ റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തെത്തുടർന്ന് പ്രദേശത്ത് പരിഭ്രാന്തി പടർന്നതോടെ നിരവധി കുടുംബങ്ങൾ വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്തു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ വ്യക്തമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ വെള്ളത്തുണിയിൽ പൊതിഞ്ഞ് കൂട്ടത്തോടെ സംസ്കരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രദേശത്തെ പള്ളികളിൽ വലിയ ജനക്കൂട്ടമാണ് എത്തുന്നത്. ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സഹായം ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

അതേസമയം, ആക്രമണങ്ങളെ ശക്തമായി അപലപിച്ച എത്യോപ്യൻ ഓർത്തഡോക്സ് തേവാഹെഡോ സഭ, മനുഷ്യജീവനും മതസ്വാതന്ത്ര്യത്തിനുമെതിരായ ഗുരുതരമായ ലംഘനമാണിതെന്ന് വ്യക്തമാക്കി. സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാനും കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാനും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും സഭ ആവശ്യപ്പെട്ടു.

വംശീയ സംഘർഷങ്ങളും സായുധ കലാപങ്ങളും നിലനിൽക്കുന്ന ഒറോമിയ മേഖലയിൽ ഇത്തരം ആക്രമണങ്ങൾ ആശങ്ക വർധിപ്പിക്കുന്നുണ്ട്. സംഭവത്തിൽ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ഉയരുന്നു. സാധാരണക്കാർക്കെതിരായ അതിക്രമങ്ങൾക്ക് ഉത്തരവാദികളായവരെ അന്താരാഷ്ട്രതലത്തിൽ കൂടി ഉത്തരവാദികളാക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

Leave a Reply