
ദേശീയപാതയിലെ ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ വാർഷിക ലോക്കൽ ഫാസ്റ്റാഗ് പാസ് ലഭ്യമാക്കുന്നു. നവംബർ 1, 2026 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH) അറിയിച്ചു.

ടോൾ പ്ലാസ നഗരസഭാ പരിധിക്ക് പുറത്താണെങ്കിൽ വാർഷിക പാസിന് 1,500 രൂപയും നഗരസഭാ പരിധിക്കുള്ളിലാണെങ്കിൽ 3,000 രൂപയുമാണ് ഫീസ്. ഇതുസംബന്ധിച്ച വിജ്ഞാപനം മന്ത്രാലയം പുറത്തിറക്കി.

നിലവിൽ പ്രതിമാസ ലോക്കൽ പാസിന് 360 രൂപയാണ് ചെലവ്. ഒരു വർഷം ഇത്തരത്തിൽ 4,320 രൂപ നൽകണം. എന്നാൽ, 1,500 രൂപയുടെ വാർഷിക പാസ് തിരഞ്ഞെടുക്കുന്നതിലൂടെ വാഹന ഉടമകൾക്ക് വർഷത്തിൽ 2,820 രൂപ വരെ ലാഭിക്കാം. പ്രതിമാസ പാസ് നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ചെലവിൽ ഗണ്യമായ കുറവാണിത്.
ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന അർഹരായ സ്വകാര്യ വാഹന ഉടമകൾക്കാണ് പുതിയ ആനുകൂല്യം ലഭിക്കുക. സാധുവായതും പ്രവർത്തനക്ഷമവുമായ ഫാസ്റ്റാഗ് ഉണ്ടായിരിക്കണം. വാണിജ്യേതര വാഹനങ്ങൾക്കാണ് ഇളവ് ബാധകമാകുന്നത്.
നിലവിലുള്ള പ്രതിമാസ പാസ് തുടരുന്നതിനോ പുതിയ വാർഷിക ലോക്കൽ പാസ് തിരഞ്ഞെടുക്കുന്നതിനോ അർഹരായ വാഹന ഉടമകൾക്ക് അവസരമുണ്ടാകും. ഒരു പ്രത്യേക ടോൾ പ്ലാസയിലൂടെ പതിവായി യാത്ര ചെയ്യുന്ന പ്രദേശവാസികൾക്ക് ഈ സംവിധാനം പ്രയോജനപ്പെടും.
ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്നവർക്ക് യാത്രാച്ചെലവ് കുറയ്ക്കുന്നതിനും ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തിക ആശ്വാസം നൽകുന്നതിനും പുതിയ തീരുമാനം സഹായകമാകുമെന്നാണ് പ്രതീക്ഷ. നഗരസഭാ പരിധിക്കുള്ളിലെ ടോൾ പ്ലാസകൾക്ക് 3,000 രൂപ വാർഷിക ഫീസ് ബാധകമായതിനാൽ, അവിടങ്ങളിലെ പ്രതിമാസ പാസ് നിരക്കുമായി താരതമ്യം ചെയ്തുള്ള ലാഭം വ്യത്യസ്തമായിരിക്കും.