You are currently viewing കൊയിലാണ്ടിയിൽ സ്കൂട്ടർ അപകടത്തിൽ 16കാരൻ മരിച്ചു; പിതാവിനെതിരെ പോലീസ് കേസ്

കൊയിലാണ്ടിയിൽ സ്കൂട്ടർ അപകടത്തിൽ 16കാരൻ മരിച്ചു; പിതാവിനെതിരെ പോലീസ് കേസ്

കോഴിക്കോട്: കൊയിലാണ്ടിയിൽ സ്കൂട്ടർ അപകടത്തിൽ 16കാരൻ മരിച്ച സംഭവത്തിൽ പിതാവിനെതിരെ പോലീസ് കേസെടുത്തു. ഇരിങ്ങത്ത് കുളങ്ങര സ്വദേശിയായ അജൽ പ്രവീൺ (16) ആണ് മരിച്ചത്. പ്രായപൂർത്തിയാകാത്ത മകന് ഡ്രൈവിങ് ലൈസൻസ് ഇല്ലാതിരുന്നിട്ടും സ്കൂട്ടർ ഓടിക്കാൻ നൽകിയതിനാണ് പിതാവ് പ്രവീണിനെതിരെ മേപ്പയൂർ പോലീസ് കേസെടുത്തത്.

ഒക്ടോബർ 27 ചൊവ്വാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു അപകടം. സുഹൃത്തുക്കളായ മറ്റ് രണ്ടുപേർക്കൊപ്പം ജിമ്മിൽ പോയി മടങ്ങുന്നതിനിടെ നരക്കോട് ഇരിങ്ങത്ത് വെച്ച് അജൽ ഓടിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജലിനെ ഉടൻതന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അർധരാത്രിയോടെ മരണം സംഭവിച്ചു. അപകടത്തിന്റെ സാഹചര്യങ്ങളും തുടർനടപടികളും സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ച് അപകടങ്ങളിൽപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് പോലീസ് നടപടി. ലൈസൻസില്ലാത്ത പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകുന്ന രക്ഷിതാക്കൾക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply