You are currently viewing കറുകച്ചാൽ–മണിമല റോഡരികിലെ വീടുകളിൽ കുടിവെള്ളമെത്തി; മണിമല മേജർ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

കറുകച്ചാൽ–മണിമല റോഡരികിലെ വീടുകളിൽ കുടിവെള്ളമെത്തി; മണിമല മേജർ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

കോട്ടയം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കറുകച്ചാൽ–മണിമല റോഡരികിലെ വെള്ളാവൂർ പഞ്ചായത്തിലെ നിരവധി വീടുകളിൽ കുടിവെള്ളമെത്തി. ജൽ ജീവൻ മിഷൻ കോട്ടയം പ്രോജക്ട് ഓഫീസിന്റെ നേതൃത്വത്തിലാണ് കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ. ബേബിയാണ് ഇക്കാര്യം അറിയിച്ചത്.

വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ കുര്യാക്കോസ് എൻ.ഐ., അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരായ സവിത എ.വി., സാം കെ. ജോഷ്വാ, അസിസ്റ്റന്റ് എൻജിനീയർ ലെനി തോമസ് എന്നിവരാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കും ആവശ്യമായ നിർദേശങ്ങൾ നൽകുന്ന ജനപ്രതിനിധികൾക്കും എംഎൽഎ നന്ദി അറിയിച്ചു.

ജൽ ജീവൻ മിഷന്റെ ഭാഗമായി മാറിയ മണിമല മേജർ കുടിവെള്ള പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ ഘട്ടംഘട്ടമായി മുന്നോട്ടുപോകുന്നതിൽ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്ന് റോണി കെ. ബേബി പറഞ്ഞു. നിയമസഭയിലെ തന്റെ ആദ്യ സബ്മിഷൻ തന്നെ മണിമല മേജർ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നുവെന്നും തുടർന്ന് നിരവധി തവണ ഉദ്യോഗസ്ഥതലത്തിലും ജനപ്രതിനിധികളുമായും യോഗങ്ങൾ നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന്റെ തുടർച്ചയായി കറുത്തമഞ്ചാടിയിലെ ജലസംഭരണിയിലേക്കും കുടിവെള്ളമെത്തിക്കാൻ കഴിഞ്ഞു. കറുത്തമഞ്ചാടി പദ്ധതി പൂർത്തിയാകുന്നതോടെ ചെറുവള്ളി പ്രദേശത്തെ നൂറുകണക്കിന് വീടുകളിൽ കൂടി കുടിവെള്ളം എത്തിക്കാൻ സാധിക്കുമെന്നും എംഎൽഎ അറിയിച്ചു.

കഴിഞ്ഞ ആഴ്ച ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ നിയമസഭാ കോൺഫറൻസ് ഹാളിൽ സുപ്രധാന യോഗം ചേർന്നിരുന്നു. വട്ടുകുന്നാമലയിലെ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ യോഗം ചർച്ച ചെയ്തു. പദ്ധതിയുടെ നിർമാണ പുരോഗതി വിലയിരുത്തിയ മന്ത്രി തടസ്സങ്ങൾ നീക്കുന്നതിനാവശ്യമായ നിർദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി.

മുക്കടയിൽ കുടിവെള്ളമെത്തിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ കോട്ടയം ജില്ലാ കളക്ടറുടെ ചേംബറിൽ അടുത്ത ദിവസം നിർണായക യോഗം ചേരുമെന്നും റോണി കെ. ബേബി അറിയിച്ചു. കരിമ്പുകയം കുടിവെള്ള പദ്ധതിയുടെ അടുത്ത ഘട്ട നിർമാണവും ആരംഭിച്ചിട്ടുണ്ട്.

പദ്ധതികൾ പൂർണമായി നടപ്പാക്കി അർഹരായ മുഴുവൻ കുടുംബങ്ങളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നതുവരെ പ്രവർത്തനങ്ങൾ തുടരുമെന്നും എംഎൽഎ ഉറപ്പുനൽകി.

Leave a Reply