
തിരുവനന്തപുരം: പാങ്ങപ്പാറയിൽ 18-കാരനായ അഭിരാമിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അഭിരാമിനെയല്ല, സുഹൃത്തായ അതുലിനെയായിരുന്നു പ്രതികൾ യഥാർത്ഥത്തിൽ ലക്ഷ്യമിട്ടിരുന്നതെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. പ്രണയബന്ധത്തിലുണ്ടായ തകർച്ചയും അതിനെത്തുടർന്നുണ്ടായ വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

കേസിലെ മൂന്നാം പ്രതിയായ 18-കാരി അനന്തയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് സന്ദേശമയച്ച് അഭിരാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തിയത്. സ്ഥലത്തെത്തിയ അഭിരാമിനോട് സുഹൃത്തായ അതുലിനെ ഫോണിൽ വിളിച്ച് അവിടേക്ക് വരുത്താൻ മുഖ്യപ്രതിയായ 17-കാരൻ ആവശ്യപ്പെട്ടു. എന്നാൽ അഭിരാം ഇതിന് തയ്യാറായില്ല.

പ്രതിയായ 17-കാരന്റെ പഴയ കാമുകി പിന്നീട് അഭിരാമിന്റെ സുഹൃത്തായ അതുലുമായി അടുപ്പത്തിലായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും പഴയ കാമുകി പ്രതിക്ക് അയച്ചുകൊടുത്തത് ഇയാളിൽ കടുത്ത വൈരാഗ്യമുണ്ടാക്കി. ഇതോടെയാണ് അതുലിനെ കൊലപ്പെടുത്താൻ പ്രതി പദ്ധതിയിട്ടതെന്നാണ് പോലീസിന് ലഭിച്ച വിവരം.
അതുലിനെ വിളിക്കാൻ അഭിരാം വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ അഭിരാമിന്റെ ഫോണിലേക്ക് പിതാവിന്റെ കോൾ എത്തി. ഫോൺ എടുക്കാൻ ശ്രമിച്ച അഭിരാമിനെ തടഞ്ഞ പ്രതി മൊബൈൽ ഫോൺ പിടിച്ചുവാങ്ങി. അപകടം മനസ്സിലാക്കിയ അഭിരാം സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതി കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. തുടർന്ന് ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ.
കൊലപാതകം താൻ ഒറ്റയ്ക്കാണ് നടത്തിയതെന്നാണ് 17-കാരൻ പോലീസിന് നൽകിയ മൊഴി. കൊലപാതകത്തിന് ശേഷം മോഷണം, ലഹരിക്കടത്ത് തുടങ്ങിയ കേസുകളിൽ പ്രതിയായ 21-കാരനായ സുഹൃത്ത് ഉമറിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഇരുവരും ചേർന്ന് മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിലേക്ക് മാറ്റി കരിയിലകൾ കൊണ്ട് മൂടി. പിന്നീട് ചാക്കിലാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ പുറത്തുവന്ന വിവരം.
പോലീസിനെതിരെ കുടുംബത്തിന്റെ ആരോപണം
അഭിരാമിനെ കാണാതായതിനു പിന്നാലെ ഞായറാഴ്ച ഉച്ചയ്ക്കുശേഷം തന്നെ കുടുംബം ശ്രീകാര്യം പോലീസിൽ പരാതി നൽകിയിരുന്നു. പരാതി ലഭിച്ച ദിവസം രാത്രി സംശയമുള്ള 17-കാരനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെങ്കിലും വിശദമായി ചോദ്യം ചെയ്യാതെ വിട്ടയച്ചെന്നാണ് അഭിരാമിന്റെ പിതാവിന്റെ ആരോപണം.
അന്ന് തന്നെ പോലീസ് ശക്തമായ അന്വേഷണം നടത്തിയിരുന്നെങ്കിൽ മകന്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. പോലീസിന്റെ അന്വേഷണത്തിലെ വീഴ്ചകളെക്കുറിച്ചും കുടുംബം ആശങ്ക ഉയർത്തിയിട്ടുണ്ട്.
പ്രതിയുമായി പോലീസ് നടത്തിയ തെളിവെടുപ്പിലും അന്വേഷണത്തിലുമാണ് കൊലപാതകത്തിന് പിന്നിലെ ലക്ഷ്യവും സംഭവത്തിലെ നിർണായക വഴിത്തിരിവുകളും പുറത്തുവന്നത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.