You are currently viewing ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ മലയാളി വംശജ നിത്യ രാമന് ചരിത്രവിജയം; കരൻ ബാസിനെ തോൽപ്പിച്ചു

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ മലയാളി വംശജ നിത്യ രാമന് ചരിത്രവിജയം; കരൻ ബാസിനെ തോൽപ്പിച്ചു

  • Post author:
  • Post published:
  • Post category:World
  • Post comments:0 Comments

അമേരിക്കയിലെ ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടി മലയാളി വംശജയായ നിത്യ രാമൻ. നിലവിലെ മേയർ കരൻ ബാസിനെ പരാജയപ്പെടുത്തിയാണ് നിത്യ രാമൻ നഗരത്തിന്റെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. നവംബർ അഞ്ചിന് ഡെസിഷൻ ഡെസ്ക് എച്ച്ക്യു പുറത്തുവിട്ട തിരഞ്ഞെടുപ്പ് പ്രവചനമനുസരിച്ച് നിത്യ രാമന് 51.1 ശതമാനം വോട്ടും കരൻ ബാസിന് 48.33 ശതമാനം വോട്ടുമാണ് ലഭിച്ചത്.

തൃശൂരിൽ ജനിച്ച 45-കാരിയായ നിത്യ രാമന്റെ വിജയം അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനും മലയാളികൾക്കും വലിയ അഭിമാനമായി. അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമായ ലോസ് ആഞ്ചലസിന്റെ മേയർ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജയാണ് നിത്യ. നഗരത്തിന്റെ ചരിത്രത്തിൽ മേയറാകുന്ന രണ്ടാമത്തെ വനിതയെന്ന നേട്ടവും ഇതോടെ നിത്യ സ്വന്തമാക്കി.

ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്കയുടെ ലോസ് ആഞ്ചലസ് ഘടകവുമായി ബന്ധമുള്ള നിത്യ രാമന്റെ വിജയം അമേരിക്കൻ രാഷ്ട്രീയത്തിലും ശ്രദ്ധേയമായ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. ന്യൂയോർക്ക് മേയറായി സൊഹ്റാൻ മംദാനി വിജയിച്ചതിന് പിന്നാലെയാണ് ലോസ് ആഞ്ചലസിലും പുരോഗമന രാഷ്ട്രീയ നിലപാടുള്ള സ്ഥാനാർഥി അധികാരത്തിലേക്ക് എത്തുന്നത്. ഇതോടെ അമേരിക്കയിലെ ഏറ്റവും വലിയ രണ്ട് നഗരങ്ങളിലും പുരോഗമന രാഷ്ട്രീയത്തിന് സ്വാധീനം ഉറപ്പിക്കാനായി.

2020 മുതൽ ലോസ് ആഞ്ചലസ് സിറ്റി കൗൺസിൽ അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു നിത്യ രാമൻ. ഫെബ്രുവരിയിൽ സ്ഥാനാർഥിത്വത്തിനുള്ള നാമനിർദേശ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് മേയർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്.

നഗരത്തിലെ ഭവനപ്രതിസന്ധി, വീടുകളുടെ ഉയർന്ന വാടക, ഭവനരഹിതരുടെ പ്രശ്നം, നഗരത്തിലെ പൊതുസേവനങ്ങളുടെ കാര്യക്ഷമത എന്നിവയ്ക്കായിരുന്നു നിത്യയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാന പരിഗണന.

നഗരത്തിലെ പരമ്പരാഗത രാഷ്ട്രീയ നേതൃത്വത്തിന്റെയും പ്രമുഖ തൊഴിലാളി സംഘടനകളുടെയും പൊലീസ് യൂണിയന്റെയും പിന്തുണ കരൻ ബാസിനായിരുന്നു. എന്നാൽ താഴെത്തട്ടിലുള്ള പ്രചാരണ പ്രവർത്തനങ്ങളിലൂടെയും യുവവോട്ടർമാരുടെയും പുരോഗമന രാഷ്ട്രീയ കൂട്ടായ്മകളുടെയും പിന്തുണയോടെയും നിത്യ മുന്നേറ്റം നടത്തി.

സിറ്റി കൗൺസിൽ അംഗമായിരുന്ന സ്വന്തം മണ്ഡലത്തിൽ ഭവനരഹിതരുടെ എണ്ണം ഏകദേശം 50 ശതമാനം കുറയ്ക്കാൻ കഴിഞ്ഞതും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിത്യ ഉയർത്തിക്കാട്ടി.

മലയാളി വേരുകളുള്ള ഒരു വനിത അമേരിക്കയിലെ പ്രമുഖ നഗരത്തിന്റെ ഭരണത്തലപ്പത്തേക്ക് എത്തുന്നത് ഇന്ത്യൻ വംശജരുടെ രാഷ്ട്രീയ മുന്നേറ്റത്തിലെ സുപ്രധാന നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply