
കൊച്ചി: യുവ ഡോക്ടറെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയും മൊബൈൽ ഫോണുകൾ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ നടി അതുല്യ ചന്ദ്ര, നടൻ ബിബിൻ പെരുമ്പള്ളി ഉൾപ്പെടെ മൂന്നുപേരെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു.
നവംബർ രണ്ടിന് കൊച്ചി പൊന്നുരുന്നിയിലെ അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. അതുല്യയുടെ അമ്മയുടെ സഹോദരിക്ക് സുഖമില്ലെന്നും അടിയന്തരമായി ചികിത്സ നൽകണമെന്നും പറഞ്ഞാണ് മുൻപരിചയമുള്ള ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയത്.
ഡോക്ടർ അപ്പാർട്ട്മെന്റിലെത്തിയതോടെ അതുല്യ ഉൾപ്പെടെയുള്ള സംഘം ഭീഷണിപ്പെടുത്തുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. തുടർന്ന് ഏകദേശം മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് മൊബൈൽ ഫോണുകൾ സംഘം തട്ടിയെടുത്തതായാണ് പരാതി.

കേസിൽ ആകെ 12 പ്രതികളാണുള്ളത്. നടൻ ബിബിൻ പെരുമ്പള്ളിയാണ് ഒന്നാം പ്രതി. നടി അതുല്യ ചന്ദ്ര മൂന്നാം പ്രതിയാണ്. കേസിൽ അറസ്റ്റിലായ മൂന്നുപേരെയും വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾ ഒളിവിലാണ്. ഇവരെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.