
കായംകുളം നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും മണ്ഡലത്തിലെ കായൽ ടൂറിസം സാധ്യതകൾ വികസിപ്പിക്കുന്നതിനുമായി പുതിയ പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചതായി എം. ലിജു അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറുമായും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുമായും തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് വിവിധ വികസന പദ്ധതികൾക്ക് തീരുമാനമായത്.
നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ റിംഗ് റോഡ് നിർമിക്കുന്നതിനുള്ള സർവേ നടപടികൾ ഉടൻ ആരംഭിക്കും. കോടതിറോഡിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് പുതിയ റോഡ് നിർമിച്ച് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തുകൂടി കടന്നുപോകുന്ന രീതിയിലാണ് റിംഗ് റോഡ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള റിപ്പോർട്ട് ഉടൻ സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
കായംകുളത്തെ കായൽ ടൂറിസത്തിന് കൂടുതൽ സാധ്യതകൾ തുറക്കുന്നതിനായി കനീസ കടവ് പാലത്തിന്റെ ഉയരം വർധിപ്പിക്കാനും തീരുമാനമായി. ഹൗസ് ബോട്ടുകൾക്കും യാത്രാ ബോട്ടുകൾക്കും തടസ്സമില്ലാതെ കടന്നുപോകാൻ കഴിയുന്ന വിധത്തിൽ പാലത്തിന്റെ സ്പാനിന്റെ ഉയരം വർധിപ്പിക്കും. ഇതിനാവശ്യമായ രൂപകൽപ്പനാ മാറ്റങ്ങൾ ഉൾപ്പെടെയുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിച്ചു.

കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് പിന്നിലായി പുതിയ ബോട്ട് ജെട്ടി നിർമിക്കുന്നതിനുള്ള പഠനം മേജർ ഇറിഗേഷൻ വകുപ്പ് നടത്തിവരികയാണ്. ജെട്ടി യാഥാർഥ്യമാകുന്നതോടെ കായൽ മാർഗം എത്തുന്ന യാത്രക്കാർക്ക് റിംഗ് റോഡ് വഴി നേരിട്ട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിലെത്താൻ സാധിക്കും. റിംഗ് റോഡിനും ബോട്ട് ജെട്ടിക്കും ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള റിപ്പോർട്ടും ഉടൻ നൽകും.
മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി പാലങ്ങളുടെയും അപ്രോച്ച് റോഡുകളുടെയും നിർമാണത്തിനായി പ്രത്യേക പഠനം നടത്തി പുതിയ രൂപരേഖ തയ്യാറാക്കും. ടി.എം. ചിറ, പോച്ചയിൽ പാലങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ട്.
തകർന്നുകിടക്കുന്ന റോഡുകളുടെ നവീകരണത്തിന് അടിയന്തര ഫണ്ട് അനുവദിക്കാനും യോഗത്തിൽ തീരുമാനമായി. ഒ.പി.ബി.ആർ.സി പദ്ധതിയിൽ ഉൾപ്പെട്ട കായംകുളം–മാവേലിക്കര–തിരുവല്ല റോഡിലെ രൂക്ഷമായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി 60 ലക്ഷം രൂപയുടെ എമർജൻസി ഫണ്ടും അനുവദിക്കും.
മണ്ഡലത്തിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കായൽ ടൂറിസം വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് എം. ലിജു പോസ്റ്റിലൂടെ വ്യക്തമാക്കി.