
കൊച്ചി: എറണാകുളം ചെറായി പാടശേഖരത്തിൽ സാമാന്യം വലുപ്പമുള്ള മുതലയെ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് ജാഗ്രതാ നിർദേശം. പെരുമ്പടന്ന ഭാഗത്തെ ഒന്നാം തൂമ്പിന് സമീപമാണ് രാത്രിയിൽ മുതലയെ കണ്ടത്. സംഭവത്തെ തുടർന്ന് പാടശേഖരങ്ങളിൽ രാത്രികാലങ്ങളിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളും നാട്ടുകാരും ആശങ്കയിലാണ്.
പെരുമ്പടന്ന സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ സത്യനാണ് രാത്രിയിൽ മുതലയെ നേരിൽ കണ്ടത്. പാടശേഖരത്തിൽ വലയിട്ട ശേഷം അത് തിരികെയെടുക്കാൻ എത്തിയതായിരുന്നു സത്യൻ. ഇതിനിടെ കൂരിരുട്ടിൽ വെള്ളത്തിന് മുകളിലൂടെ ഒരു മുതല നീന്തിവരുന്നത് ശ്രദ്ധയിൽപ്പെട്ടു. ഭയന്നുപോയ സത്യൻ വല അവിടെത്തന്നെ ഉപേക്ഷിച്ച് ജീവൻ രക്ഷിക്കാനായി ഓടിരക്ഷപ്പെടുകയായിരുന്നു. പിറ്റേന്ന് രാവിലെയാണ് ഉപേക്ഷിച്ച വല തിരിച്ചെടുത്തത്.
വിവരമറിഞ്ഞ് മലയാറ്റൂർ വനം വകുപ്പ് പരിധിയിലെ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. സത്യനിൽ നിന്നും മറ്റ് നാട്ടുകാരിൽ നിന്നും സംഭവത്തെക്കുറിച്ച് വിശദാംശങ്ങൾ ശേഖരിച്ചു. പ്രദേശത്ത് ജാഗ്രത പാലിക്കണമെന്നും മുതലയെ വീണ്ടും കാണുകയാണെങ്കിൽ ഉടൻ വനംവകുപ്പ് അധികൃതരെ അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

കിഴക്കൻ മലവെള്ളപ്പാച്ചിലിൽ പെരിയാറിലൂടെ ഒഴുകിയെത്തി ചെറായി പുഴ വഴിയാകാം മുതല പാടശേഖരത്തിലെത്തിയതെന്നാണ് പ്രാഥമിക നിഗമനം. കായലുകളോടും പുഴകളോടും ചേർന്നുകിടക്കുന്ന പ്രദേശമായതിനാൽ ഒഴുക്കിൽപ്പെട്ട് വഴിതെറ്റി എത്തിയതാകാമെന്നും വനംവകുപ്പ് സംശയിക്കുന്നു. ഇക്കാര്യത്തിൽ കൂടുതൽ പരിശോധന നടത്തിവരികയാണ്.
ഇതിനുമുമ്പും ഈ ഭാഗത്ത് ഒരു മുതലക്കുഞ്ഞിനെ കണ്ടിരുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. പാടശേഖരങ്ങളിൽ രാത്രികാലങ്ങളിൽ വലയിടുകയും വെള്ളത്തിൽ മുങ്ങിത്തപ്പി മത്സ്യബന്ധനം നടത്തുകയും ചെയ്യുന്ന നിരവധി തൊഴിലാളികളുണ്ട്. മുതലയുടെ സാന്നിധ്യം ഇവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
വന്യജീവികളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ സുരക്ഷിതമായ അകലം പാലിച്ച് ഉടൻ വനംവകുപ്പിനെ വിവരമറിയിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. കേരള വനംവകുപ്പിന്റെ ‘സർപ്പ’ മൊബൈൽ ആപ്പ് വഴിയും വന്യജീവി സാന്നിധ്യം റിപ്പോർട്ട് ചെയ്യാം.