
പാരീസ്: ഫ്രാൻസിലെ സൂപ്പർമാർക്കറ്റുകളിലെ റഫ്രിജറേഷൻ സംവിധാനങ്ങൾ ലക്ഷ്യമിട്ട് നടന്ന സൈബർ ആക്രമണത്തിന് പിന്നിൽ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന് ബന്ധമുള്ള ഹാക്കർമാരാണെന്ന് ആരോപിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ആഗോളതലത്തിൽ അട്ടിമറി പ്രവർത്തനങ്ങളുടെ ചരിത്രമുള്ള ‘വിപ്ലവകാരികളുടെ അപകടകരമായ സംഘം’ എന്നാണ് ഐആർജിസിയെ റൂബിയോ വിശേഷിപ്പിച്ചത്.
2026 ഒക്ടോബറിലായിരുന്നു ഫ്രാൻസിലെ സൂപ്പർമാർക്കറ്റുകളെയും മറ്റ് റീട്ടെയിൽ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് സൈബർ ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. ഏകദേശം 700 റീട്ടെയിൽ കേന്ദ്രങ്ങളിലെ ഫ്രിഡ്ജുകളുടെയും ഫ്രീസറുകളുടെയും താപനില ഹാക്കർമാർ വിദൂരമായി ഉയർത്തിയതോടെ വലിയ തോതിൽ ഭക്ഷ്യവസ്തുക്കൾ നശിക്കുകയും ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കുറഞ്ഞത് 15 തീപിടിത്തങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
ഐആർജിസിയുമായി ബന്ധമുള്ള ഷാഹിദ് കവേ സൈബർ യൂണിറ്റാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഫ്രഞ്ച് അധികൃതർ ആരോപിക്കുന്നത്. ഇറാനുമായി ബന്ധപ്പെട്ട് നടക്കുന്ന സംഘർഷങ്ങളിൽ നേരിട്ട് പങ്കില്ലാത്ത ഫ്രാൻസിനെപ്പോലും ലക്ഷ്യമിട്ടത് ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണെന്ന് റൂബിയോ ചൂണ്ടിക്കാട്ടി.

അതേസമയം, ഇറാന്റെ ഭരണനേതൃത്വത്തെയും അവിടുത്തെ ജനങ്ങളെയും ഒരുപോലെ കാണരുതെന്നും റൂബിയോ വ്യക്തമാക്കി. ഇറാനിലെ ജനങ്ങളല്ല ഇത്തരം നടപടികൾക്ക് ഉത്തരവാദികളെന്നും ഭരണകൂടവുമായി ബന്ധപ്പെട്ട വിഭാഗങ്ങളാണ് ഉത്തരവാദികളെന്നുമുള്ള നിലപാടാണ് അദ്ദേഹം മുന്നോട്ടുവച്ചത്.