
ഇന്ദിരാഗാന്ധിയുടെ 1977ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ ഏഴാം പിറന്നാൾ ആഘോഷം ദുഃഖകരമായ അനുഭവമായി മാറിയെന്ന് വെളിപ്പെടുത്തി സോണിയ ഗാന്ധി.
രാഹുൽ ഗാന്ധിയുടെ ഏഴാം പിറന്നാൾ ആഘോഷത്തിൽ ക്ഷണിക്കപ്പെട്ട സുഹൃത്തുക്കളിൽ ഒരാൾ മാത്രമാണ് പങ്കെടുത്തതെന്ന് സോണിയ ഗാന്ധി. മുത്തശ്ശിയും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി 1977ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു സംഭവം. രാഷ്ട്രീയത്തിലെ അധികാരമാറ്റങ്ങൾ വ്യക്തിബന്ധങ്ങളെയും സൗഹൃദങ്ങളെയും എത്രത്തോളം സ്വാധീനിക്കുമെന്നതിന്റെ വേദനാജനകമായ അനുഭവമായിരുന്നു അതെന്ന് സോണിയ ഗാന്ധി തന്റെ ഓർമ്മക്കുറിപ്പിൽ പറയുന്നു.
‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന ആത്മകഥാപരമായ ഓർമ്മക്കുറിപ്പിലാണ് സോണിയ ഗാന്ധി ഈ സംഭവം വിവരിക്കുന്നത്.

1977 ജൂൺ 19നായിരുന്നു രാഹുൽ ഗാന്ധിയുടെ പിറന്നാൾ. അന്ന് പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് അധികനാളായിരുന്നില്ല. 12, വില്ലിങ്ടൺ ക്രസന്റിലായിരുന്നു താമസം. എങ്കിലും മകന്റെ പിറന്നാൾ ചെറിയ രീതിയിൽ ആഘോഷിക്കാൻ സോണിയ തീരുമാനിച്ചു.
മുൻവർഷങ്ങളിലെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുത്തിരുന്ന കുട്ടികളുടെ പേരുകൾ ഉൾപ്പെടുത്തി രാഹുൽ സുഹൃത്തുക്കളുടെ ഒരു പട്ടിക തന്നെ നൽകിയിരുന്നു. എന്നാൽ ക്ഷണിക്കപ്പെട്ട കുട്ടികളിൽ ഒരാൾ മാത്രമാണ് ആഘോഷത്തിനെത്തിയത്.
ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്നുണ്ടായ രാഷ്ട്രീയ സാഹചര്യമാണ് സുഹൃത്തുക്കളുടെ ഈ വിട്ടുനിൽക്കലിന് പിന്നിലെന്നാണ് സംഭവത്തിലൂടെ വ്യക്തമാകുന്നത്. രാഷ്ട്രീയരംഗത്തെ അധികാരവും സ്ഥാനമാനങ്ങളും മാറുമ്പോൾ വ്യക്തിബന്ധങ്ങൾ എത്രത്തോളം മാറാമെന്നതിന്റെ വേദനാജനകമായ പാഠമായാണ് സോണിയ ഈ അനുഭവത്തെ ഓർത്തെടുക്കുന്നത്.