
ഫുജൈറ: യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം വേങ്ങര സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ബുധനാഴ്ച അർധരാത്രിക്ക് ശേഷമാണ് ഫുജൈറയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ കോടതിക്ക് മുന്നിൽ ദാരുണമായ അപകടമുണ്ടായത്.
മലപ്പുറം വേങ്ങര എ.ആർ. നഗർ കുന്നുംപുറം കുണ്ടിൽപ്പാറ സ്വദേശി സിദ്ദീഖിന്റെ കുടുംബാംഗങ്ങളാണ് മരിച്ചത്. മുഹമ്മദ് അസ്മിൽ (21), ഇരട്ട സഹോദരിയായ മിസ്ന ജുബിൻ (21), മൂന്ന് വയസ്സുകാരൻ മുഹമ്മദ് ഫായിസ് എന്നിവരാണ് മരിച്ചത്. എ.ആർ. നഗർ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ടി.കെ. മൊയ്തീൻകുട്ടി മാഷിന്റെ മകനാണ് സിദ്ദീഖ്.
സിദ്ദീഖിന്റെ ഇരട്ട മക്കളിൽ ഒരാളാണ് മുഹമ്മദ് അസ്മിൽ. മിസ്ന ജുബിൻ സഹോദരിയാണ്. സിദ്ദീഖിന്റെ മൂത്ത മകൾ ഫർസാനയുടെ മകനാണ് അപകടത്തിൽ മരിച്ച മുഹമ്മദ് ഫായിസ്.

കുടുംബം സഞ്ചരിച്ചിരുന്ന കാർ മുന്നിലുണ്ടായിരുന്ന ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹങ്ങൾ ഫുജൈറയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അപകടത്തിൽ കാറിലുണ്ടായിരുന്ന ഫർസാനയും മറ്റ് മൂന്ന് കുട്ടികളും പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവർ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്. ഗൾഫ് ന്യൂസാണ് അപകടവിവരം റിപ്പോർട്ട് ചെയ്തത്.
ഒരു കുടുംബത്തിലെ മൂന്ന് പേരുടെ അപ്രതീക്ഷിത വിയോഗം പ്രവാസി മലയാളികൾക്കിടയിലും നാട്ടിലും വലിയ ദുഃഖമുണ്ടാക്കിയിരിക്കുകയാണ്.