You are currently viewing എൽ.പി.എസ്.ടി റാങ്ക് ലിസ്റ്റ് ഉദ്യോഗാർത്ഥികളുമായി വീണ്ടും ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി; മയിൽപീലി പരീക്ഷാ അനുമതി റദ്ദാക്കി

എൽ.പി.എസ്.ടി റാങ്ക് ലിസ്റ്റ് ഉദ്യോഗാർത്ഥികളുമായി വീണ്ടും ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി; മയിൽപീലി പരീക്ഷാ അനുമതി റദ്ദാക്കി

ആലപ്പുഴ: എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരവുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികളുമായി വീണ്ടും ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഇന്ന് ചേർത്തലയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരസമിതി നേതാവ് എസ്. വളർമതിയുമായും മറ്റ് പ്രതിനിധികളുമായും ചർച്ച നടത്തും. ഇതിന്റെ തീയതിയും സമയവും ഉടൻ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

ഉദ്യോഗാർത്ഥികൾ ഉന്നയിച്ച ഭൂരിഭാഗം ആവശ്യങ്ങളും നേരത്തെ നടന്ന ചർച്ചകളിൽ പരിഹരിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ കൂടി പരിഹരിക്കാനുണ്ട്. ഇത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെങ്കിലും ഇക്കാര്യത്തിലും തുടർചർച്ചകൾക്ക് സർക്കാർ തയ്യാറാണെന്ന് മന്ത്രി വ്യക്തമാക്കി.

സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തിയ ഉദ്യോഗാർത്ഥികൾ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

അതേസമയം, ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ ‘മയിൽപീലി’ മാസികയുടെ സ്കോളർഷിപ്പ് പരീക്ഷയ്ക്ക് പൊതുവിദ്യാലയങ്ങളിൽ അനുമതി നൽകിയ സംഭവത്തിൽ ഉദ്യോഗസ്ഥതലത്തിൽ വീഴ്ചയുണ്ടായതായി മന്ത്രി പറഞ്ഞു. അനുമതി തന്റെ അറിവോടെയല്ല നൽകിയതെന്നും ജോയിന്റ് ഡയറക്ടർക്ക് സംഭവിച്ച പിഴവാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദമായ ‘യങ് സ്കോളർ എക്സാം’ നടത്താൻ നൽകിയ അനുമതി റദ്ദാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരമൊരു പരീക്ഷയ്ക്ക് അനുമതി നൽകാനുണ്ടായ സാഹചര്യം വിശദമായി പരിശോധിക്കുമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply