
തിരുവനന്തപുരം: ലഹരിസംഘം ജീപ്പ് ഇടിപ്പിച്ച് പരിക്കേൽപ്പിച്ച ഡാൻസാഫ് (DANSAF) അംഗം ദീപു രാജിനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആശുപത്രിയിലെത്തി സന്ദർശിച്ചു. ദീപു രാജിന്റെ ചികിത്സാചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി അറിയിച്ചു.
ദീപുവിന്റെ കുടുംബാംഗങ്ങളെയും സന്ദർശിച്ച മന്ത്രി, ചികിത്സയുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്ന ഉറപ്പ് നൽകിയതായി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
ലഹരിമാഫിയക്കെതിരായ പോരാട്ടം ‘ഓപ്പറേഷൻ തൂഫാൻ’ വഴി കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു. കർത്തവ്യനിരതരായ നിയമപാലകരെ ആക്രമിക്കുന്നവരോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. കുറ്റവാളികൾക്കെതിരെ കർശനമായ നിയമനടപടികൾ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാടിന്റെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന ഓരോ പൊലീസ് ഉദ്യോഗസ്ഥന്റെയും ഒപ്പമുണ്ടാകുമെന്ന് സർക്കാർ ഉറപ്പുനൽകുന്നതായും മന്ത്രി പറഞ്ഞു.
ദീപു രാജ് എത്രയും വേഗം സുഖം പ്രാപിച്ച് വീണ്ടും കർമ്മരംഗത്തേക്ക് തിരിച്ചെത്തട്ടെയെന്നും മന്ത്രി ആശംസിച്ചു.