
കൊല്ലം: കൊട്ടിയം ഓക്സിലിയം സ്കൂളിലെ വിദ്യാർഥികൾ ടാർ മിക്സിംഗ് പ്ലാന്റിൽനിന്നുള്ള വിഷപ്പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തിൽ അടിയന്തര ഇടപെടലുമായി ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാർ. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിദ്യാർഥികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
വിവരമറിഞ്ഞ ഉടൻ എംഎൽഎ സംഭവസ്ഥലവും ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളെയും നേരിട്ട് സന്ദർശിച്ചു. കുട്ടികളുടെ ആരോഗ്യനില വിലയിരുത്തുകയും ആശുപത്രി അധികൃതരോടും സ്കൂൾ അധ്യാപകരോടും സംസാരിച്ച് സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
വിദ്യാർഥികളുടെ ആരോഗ്യത്തിനും പൊതുജനങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കാനാകില്ലെന്ന് എംഎൽഎ പറഞ്ഞു. സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തിൽ അടിയന്തരമായി ഇടപെടുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾ മുഖേന ശക്തമായ തുടർനടപടികൾ ഉറപ്പാക്കുന്നതിനുമായി ഉന്നത ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ച നടത്തിയിട്ടുണ്ട്. വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും ആരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കില്ലെന്നും സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ തന്റെ കുറിപ്പിൽ വ്യക്തമാക്കി.
സ്കൂൾ പരിസരത്തെ വായുമലിനീകരണവും വിദ്യാർഥികളുടെ ആരോഗ്യസുരക്ഷയും സംബന്ധിച്ച ആശങ്കകൾ ഉയർത്തുന്നതാണ് സംഭവം. ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തര പരിശോധനയും തുടർനടപടികളും ഉണ്ടാകണമെന്ന ആവശ്യവും ശക്തമാകുകയാണ്.