
വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഇനി സന്ദേശങ്ങൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത് അയക്കാനുള്ള സൗകര്യം ലഭിക്കും. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും നിശ്ചിത തീയതിയും സമയവും തിരഞ്ഞെടുത്ത് സന്ദേശങ്ങൾ അയക്കാൻ സഹായിക്കുന്ന പുതിയ ഫീച്ചർ ആഗോളതലത്തിൽ അവതരിപ്പിച്ചു. ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഇന്നലെ മുതൽ ഫീച്ചർ ഘട്ടംഘട്ടമായി ലഭ്യമാക്കിത്തുടങ്ങിയതായി വാട്സ്ആപ്പ് അറിയിച്ചു.
പുതിയ സംവിധാനത്തിലൂടെ കുറഞ്ഞത് 10 മിനിറ്റ് മുതൽ പരമാവധി 14 ദിവസം വരെ മുൻകൂട്ടി സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാം. തിരഞ്ഞെടുത്ത സമയത്ത് ഉപയോക്താവ് ഓൺലൈനിലുണ്ടാകണമെന്ന ആവശ്യമില്ല. ഫോൺ ഓഫായിരിക്കുകയോ നെറ്റ്വർക്ക് കണക്ഷൻ ഇല്ലാതിരിക്കുകയോ ചെയ്താലും ഷെഡ്യൂൾ ചെയ്ത സന്ദേശങ്ങൾ അയക്കപ്പെടുമെന്നാണ് വാട്സ്ആപ്പ് വ്യക്തമാക്കുന്നത്.
ടെക്സ്റ്റ് സന്ദേശങ്ങൾ മാത്രമല്ല, ചിത്രങ്ങളും വീഡിയോകളും മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാനുള്ള സൗകര്യവും ലഭിക്കും. ഷെഡ്യൂൾ ചെയ്ത സന്ദേശങ്ങളുടെ പട്ടിക ഉപയോക്താക്കൾക്ക് പരിശോധിക്കാനും അയക്കേണ്ടതില്ലെന്ന് തീരുമാനിച്ച സന്ദേശങ്ങൾ ഒഴിവാക്കാനും കഴിയും.

ജന്മദിന ആശംസകൾ, ഓർമ്മപ്പെടുത്തലുകൾ, പ്രധാന അറിയിപ്പുകൾ തുടങ്ങിയവ കൃത്യസമയത്ത് അയക്കാൻ സഹായിക്കുന്ന ഈ ഫീച്ചർ വാട്സ്ആപ്പ് ഉപയോഗം കൂടുതൽ സൗകര്യപ്രദമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.