You are currently viewing <div class="tmc-post-category-box"><a href="https://tmcjournal.in/category/kerala/kollam/">Kollam</a></div>ശാസ്താംകോട്ട ബ്ലോക്ക് ക്ഷീരസംഗമം ഉദ്ഘാടനം ചെയ്തു; പുത്തനമ്പലം ക്ഷീരസംഘത്തിന്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

ശാസ്താംകോട്ട ബ്ലോക്ക് ക്ഷീരസംഗമം ഉദ്ഘാടനം ചെയ്തു; പുത്തനമ്പലം ക്ഷീരസംഘത്തിന്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

ശാസ്താംകോട്ട: ക്ഷീരവികസന വകുപ്പിന്റെയും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശാസ്താംകോട്ട ബ്ലോക്ക് തല ക്ഷീരസംഗമം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പുത്തനമ്പലം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടവും എംപി നാടിന് സമർപ്പിച്ചു.

കേരളത്തിന്റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ക്ഷീരമേഖലയുടെ വളർച്ചയ്ക്ക് ക്ഷീരകർഷകരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കാലിത്തീറ്റയുടെയും പാലുത്പാദനത്തിന്റെയും ചെലവുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർഷകരുടെ വരുമാനം സംരക്ഷിക്കുന്നതിനായി കാലിത്തീറ്റ സബ്സിഡി വർധിപ്പിക്കുക, തീറ്റപ്പുൽ കൃഷി പ്രോത്സാഹിപ്പിക്കുക, പാലിന് ന്യായമായ സംഭരണവില ഉറപ്പാക്കുക തുടങ്ങിയ നടപടികൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർലമെന്റിന്റെ കൃഷി, ഫിഷറീസ്, മൃഗസംരക്ഷണ സ്റ്റാൻഡിങ് കമ്മിറ്റി അംഗമെന്ന നിലയിൽ കേരളത്തിലെ ക്ഷീരമേഖല നേരിടുന്ന പ്രശ്നങ്ങൾ ദേശീയതലത്തിൽ ഉന്നയിക്കേണ്ട ഉത്തരവാദിത്വമുണ്ടെന്നും എംപി വ്യക്തമാക്കി. വന്യജീവി ആക്രമണത്തിൽ കന്നുകാലികളെ നഷ്ടപ്പെടുന്ന ക്ഷീരകർഷകർക്ക് നഷ്ടപരിഹാരത്തോടൊപ്പം ഉപജീവനമാർഗം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രത്യേക പുനരധിവാസ പാക്കേജ് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉന്നയിച്ചു.

ക്ഷീരസഹകരണ സംഘങ്ങളെ ആധുനികവൽക്കരിക്കുകയും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണവും വിപണനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിലൂടെ സ്ത്രീകൾക്കും യുവജനങ്ങൾക്കും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ക്ഷീരവികസന വകുപ്പും സഹകരണ സംഘങ്ങളും ഏകോപിതമായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പുത്തനമ്പലം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടം പ്രദേശത്തെ ക്ഷീരകർഷകർക്ക് മികച്ച സേവനങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുന്ന കേന്ദ്രമായി മാറട്ടെയെന്നും പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കും ക്ഷീരകർഷകർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

ക്ഷീരകർഷകരുടെ അധ്വാനത്തിന് അർഹമായ അംഗീകാരവും വരുമാനവും ജീവിതസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ഇടപെടലുകൾ തുടരുമെന്നും അദ്ദേഹം തന്റെ പോസ്റ്റിൽ വ്യക്തമാക്കി.

Leave a Reply