
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ട് ശതമാനം ക്ഷാമബത്തയും (ഡി.എ), ക്ഷാമാശ്വാസവും (ഡി.ആർ) അനുവദിച്ചു. ഇതോടെ ഡി.എ കുടിശികയില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്ന് സർക്കാർ അറിയിച്ചു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച എല്ലാ ഡി.എ, ഡി.ആർ ആനുകൂല്യങ്ങളും സംസ്ഥാനത്തെ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭ്യമാകുന്ന സാഹചര്യമാണിതെന്നും സർക്കാർ വ്യക്തമാക്കി.

കേരളപ്പിറവി ദിനമായ നവംബർ ഒന്നുമുതൽ വിതരണം ചെയ്യുന്ന ശമ്പളത്തോടും പെൻഷനോടുമൊപ്പം പുതുക്കിയ നിരക്കിലുള്ള രണ്ട് ശതമാനം ഡി.എയും ഡി.ആറും ലഭിക്കും. ജീവനക്കാർക്കും പെൻഷൻകാർക്കും മുടക്കമില്ലാതെ ക്ഷാമബത്ത അനുവദിക്കുന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

പുതിയ ഡി.എ/ഡി.ആർ അനുവദിക്കുന്നതിലൂടെ സംസ്ഥാന സർക്കാരിന് പ്രതിമാസം ഏകദേശം 96 കോടി രൂപയുടെ അധിക ചെലവുണ്ടാകും. ശമ്പളവും പെൻഷനും വാങ്ങുന്നവർക്ക് ആശ്വാസമാകുന്നതാണ് തീരുമാനം.