
കാഞ്ഞിരപ്പള്ളി: ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലവുമായി ബന്ധപ്പെട്ട രണ്ട് പ്രധാന റോഡുകളുടെ നവീകരണത്തിന് 20.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബി അറിയിച്ചു.

ശബരിമല ഭക്തർ കടന്നുപോകുന്ന പ്രധാന പാതയായ കാഞ്ഞിരപ്പള്ളി-എരുമേലി റോഡിന് ബിസി ഓവർലേ ചെയ്യുന്നതിന് 12 കോടി രൂപയും, കപ്പാട്-എലിക്കുളം റോഡ് ബിഎം & ബിസി നിലവാരത്തിൽ നവീകരിക്കുന്നതിന് 8.25 കോടി രൂപയുമാണ് അനുവദിച്ചത്.

കപ്പാട്-എലിക്കുളം റോഡിന്റെ നവീകരണം സുപ്രധാന ചുവടുവെപ്പാണെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. പാലാ-പൊൻകുന്നം റോഡിലൂടെ എരുമേലി വഴി ശബരിമലയിലേക്ക് എത്തുന്ന അയ്യപ്പഭക്തർക്ക് കുരുവിക്കൂട് കവലയിൽ നിന്ന് കപ്പാട്-ആനക്കല്ല് വഴി ഇരുപത്തിയാറാം മൈലിലെത്തി എരുമേലിയിലേക്ക് സുഗമമായി കടന്നുപോകാൻ ഈ പാതയുടെ നവീകരണത്തിലൂടെ സാധിക്കും. ഇത് പൊൻകുന്നം, കാഞ്ഞിരപ്പള്ളി പട്ടണങ്ങളിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകുമെന്നും എംഎൽഎ പറഞ്ഞു.
ഈ റോഡുകളെ ശബരിമല പാക്കേജിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി. ഡി. സതീശനും പൊതുമരാമത്ത് മന്ത്രി പി. കെ. ബഷീറിനും നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.
സാങ്കേതിക അനുമതിയും മറ്റ് നടപടികളും അടിയന്തരമായി പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് എംഎൽഎ അറിയിച്ചു. വികസന പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതിന് മുഖ്യമന്ത്രി വി. ഡി. സതീശനും പൊതുമരാമത്ത് മന്ത്രി പി. കെ. ബഷീറിനും റോണി കെ ബേബി നന്ദി രേഖപ്പെടുത്തി.