
ഇൻഫോപാർക്കിലേക്കുള്ള മെട്രോ പാതയുടെ നിർമ്മാണം നിർണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്. തൂണുകളുടെ നിർമ്മാണം പൂർത്തിയായിടത്ത് പിയർ ക്യാപ് സ്ഥാപിക്കുന്ന ജോലികൾ ഇന്ന് അർദ്ധരാത്രിയിൽ ആരംഭിക്കും. കളമശേരിയിലെ കാസ്റ്റിംഗ് യാർഡിൽ നിർമ്മിച്ച 80 ടൺ ഭാരമുള്ള പിയർ ക്യാപ് ഹെവി ഡ്യൂട്ടി ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയാണ് തൂണുകളിൽ സ്ഥാപിക്കുന്നത്. ഇൻഫോപാർക്ക് എക്‌സ്‌പ്രസ് വേയിലെ 281-ാം നമ്പർ തൂണിലാണ് ആദ്യ സ്ഥാപനം നടക്കുന്നത്. തുടർന്ന് 284-ാം നമ്പർ തൂണുവരെയും സ്ഥാപിക്കൽ പൂർത്തിയാക്കും. രാത്രി സമയങ്ങളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജോലികൾ പുരോഗമിക്കും.
സെസ്, ആലിഞ്ചുവട്, വാഴക്കാല സ്റ്റേഷനുകൾക്ക് സമീപമായി ഇതുവരെ 22 തൂണുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. മെട്രോ പാതയ്ക്കായി 670 പൈലുകളും സ്റ്റേഷനുകൾക്കായി 228 പൈലുകളും ഉൾപ്പെടെ 898 പൈലുകളുടെ നിർമാണവും പൂർത്തിയായി. കളമശേരിയിലെ കാസ്റ്റിംഗ് യാർഡിൽ ഗർഡറുകളുടെയും പിയർ ക്യാപുകളുടെയും നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ഇതിനകം 64 യു-ഗർഡറുകളും 30 ഐ-ഗർഡറുകളും 56 പിയർ ക്യാപുകളും നിർമാണം പൂർത്തിയാക്കി.
