
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകളായുള്ള യാത്രാക്ലേശത്തിന് വിരാമമിട്ട് പെരുമ്പളം പാലം ഉദ്ഘാടനം ചെയ്തു. 2026 മാർച്ച് 7 ശനിയാഴ്ച നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് പാലം നാടിന് സമർപ്പിച്ചത്.

വേമ്പനാട് കായലിന് കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ പാലം പെരുമ്പളം ദ്വീപിനെ പാണാവള്ളി വടുതലയുമായി ബന്ധിപ്പിക്കുന്നതാണ്. ഏകദേശം 100 കോടി രൂപ ചെലവഴിച്ചാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പാലം തുറന്നതോടെ ദ്വീപ് നിവാസികൾ ഇതുവരെ ആശ്രയിച്ചിരുന്ന ബോട്ടുകളും ജങ്കാറുകളും മാത്രമായിരുന്ന യാത്രാ സംവിധാനങ്ങൾക്ക് വലിയ മാറ്റം സംഭവിക്കുകയാണ്.
1157 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള ഈ പാലം കേരളത്തിലെ കായലിന് കുറുകെയുള്ള ഏറ്റവും നീളം കൂടിയ പാലങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ദേശീയ ജലപാതയിലൂടെ കപ്പലുകളും ബോട്ടുകളും സുഗമമായി സഞ്ചരിക്കാൻ പാലത്തിന്റെ മധ്യഭാഗത്ത് മൂന്ന് ബോ സ്ട്രിങ് ആർച്ചുകൾ നിർമ്മിച്ചിട്ടുണ്ട്. ഈ ഭാഗത്ത് പാലത്തിന് 12 മീറ്റർ വീതിയുണ്ട്.പാലത്തിന്റെ ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയുള്ള കാൽനടപ്പാതകളും ഒരുക്കിയിട്ടുണ്ട്.
പാലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി ദ്വീപിലേക്കുള്ള ബസ് സർവീസുകളും ആരംഭിച്ചു. ഇതിനുമുമ്പ് ചേർത്തല ഡിപ്പോയിൽ നിന്നുള്ള സൂപ്പർ ഫാസ്റ്റ് ബസ് ട്രയൽ റൺ നടത്തിയിരുന്നു.
രണ്ടാം ഘട്ടമായി പെരുമ്പളത്തെ വട്ടവയൽ ദ്വീപുമായും തുടർന്ന് വട്ടവയലിനെ പൂത്തോട്ടയുമായും ബന്ധിപ്പിക്കുന്ന പുതിയ പാലങ്ങൾ നിർമ്മിക്കാനും പദ്ധതിയുണ്ട്. ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ ആലപ്പുഴ, എറണാകുളം ,കോട്ടയം ജില്ലകൾ തമ്മിലുള്ള യാത്ര കൂടുതൽ എളുപ്പമാകുമെന്നാണ് പ്രതീക്ഷ.