You are currently viewing എറണാകുളം–അമ്പലപ്പുഴ റെയിൽപാത ഇരട്ടിപ്പിക്കൽ വേഗത്തിലാക്കും, വന്ദേ ഭാരതത്തിന് കായംകുളത്ത് സ്റ്റോപ്പ് പരിഗണിക്കും

എറണാകുളം–അമ്പലപ്പുഴ റെയിൽപാത ഇരട്ടിപ്പിക്കൽ വേഗത്തിലാക്കും, വന്ദേ ഭാരതത്തിന് കായംകുളത്ത് സ്റ്റോപ്പ് പരിഗണിക്കും

എറണാകുളം–അമ്പലപ്പുഴ റെയിൽപാത ഇരട്ടിപ്പിക്കൽ പദ്ധതി ദീർഘകാലമായി മുടങ്ങിക്കിടക്കുന്നതിനെ തുടർന്ന്, പദ്ധതി വേഗത്തിലാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽ കണ്ടു നിവേദനം നൽകിയതായി കെസി വേണുഗോപാൽ എംപി പറഞ്ഞു.. ഇതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ ബോർഡിന് സമയപരിധി നിശ്ചയിച്ച് നടപടിയെടുക്കാൻ നിർദേശം നൽകുമെന്ന് മന്ത്രി ഉറപ്പുനൽകി.

ഇരട്ടിപ്പിക്കൽ പൂർത്തിയായാൽ ആലപ്പുഴ തീരദേശ മേഖലയിലെ കണക്റ്റിവിറ്റിയും റെയിൽ അടിസ്ഥാന സൗകര്യങ്ങളും ഗണ്യമായി മെച്ചപ്പെടുമെന്ന കാര്യം മന്ത്രിയെ ബോധ്യപ്പെടുത്തി. കൂടാതെ പിഎം ഗതിശക്തി പദ്ധതിയിലുള്‍പ്പെട്ട ആലപ്പുഴ, കായംകുളം സ്റ്റേഷനുകളിലെ നിർമാണപ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കാൻ മന്ത്രി നിർദേശം നൽകാമെന്നും നൽകാമെന്നും അറിയിച്ചതായി എംപി പറഞ്ഞു.

കോട്ടയം–ആലപ്പുഴ വഴിയുള്ള വന്ദേഭാരത് ട്രെയിനുകൾക്ക് കായംകുളത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം പ്രധാനമായി ഉന്നയിച്ചു. വിവിധ സ്റ്റേഷനുകളിലെ യാത്രക്കാരുടെ എണ്ണം, വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കാനുള്ള നിർദേശം മന്ത്രി ഇതിനകം നൽകിയതായി അറിയിച്ചു.

ദക്ഷിണ റെയിൽവേ ജനറൽ മാനേജർ നാളെ കായംകുളത്തും ആലപ്പുഴയിലും എത്തി അമൃത് ഭാരത് പദ്ധതിയിലുള്‍പ്പെട്ട നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തും.

ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ യാത്രാസൗകര്യങ്ങൾ വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ രണ്ട് അധിക പ്ലാറ്റ്ഫോം, 22 എൽഎച്ച്ബി കോച്ചുകൾ ഉൾക്കൊള്ളുന്ന പിറ്റ് ലൈൻ, എസ്കലേറ്റർ, ലിഫ്റ്റ്, മുഴുനീള ഷെൽട്ടർ, മാനുവൽ കോച്ച് ഇൻഡിക്കേഷൻ ബോർഡ്, പുതിയ എസി/നോൺ-എസി കാത്തിരിപ്പ് ഹാളുകൾ, പ്ലാറ്റ്ഫോം 4, 5 എന്നിവയും ഉൾപ്പെടുന്ന വികസന ആവശ്യങ്ങൾ മുന്നോട്ടുവെച്ചു. ആലപ്പുഴയെ എൻഎസ്ജി-1 പദവിയിലേക്ക് ഉയർത്തണമെന്നും ആവശ്യപ്പെട്ടു.

പ്ലാറ്റ്ഫോം രണ്ടിലും നാലിലും എസ്കലേറ്ററുകൾ, ഫുട് ഓവർ ബ്രിഡ്ജുകൾ, പുതിയ ടിക്കറ്റ് കൗണ്ടർ, ഡോർമിറ്ററി, വിശ്രമമുറി, ആർ‌ഒ പ്ലാന്റ്, അംഗപരിമിതർക്കുള്ള റാമ്പുകൾ എന്നിവ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ മഴയിൽ യാത്രക്കാർ ബുദ്ധിമുട്ടുന്ന സാഹചര്യം പരിഹരിക്കാൻ പ്ലാറ്റ്ഫോം ഷെൽട്ടറുകളുടെ നീളം കൂട്ടണമെന്നും ആവശ്യപ്പെട്ടു.

കായംകുളം റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത്, രാജധാനി ഉൾപ്പെടെ പത്തോളം ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. കരുനാഗപ്പള്ളി, ഹരിപ്പാട്, അമ്പലപ്പുഴ, ചേർത്തല, മാരാരിക്കുളം, തുറവൂർ, ഓച്ചിറ, ചേപ്പാട് തുടങ്ങിയ സ്റ്റേഷനുകളിലും ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.

ആലപ്പുഴ വഴി നടത്തുന്ന മെമു ട്രെയിനുകൾക്കായി എല്ലാ ദിവസവും 16 കോച്ച് റേക്കുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. നിലവിൽ 12 കോച്ചിൽ നിന്ന് 16 ആയി വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണി പ്രശ്നങ്ങളാൽ മുഴുവൻ ദിവസങ്ങളിലും സർവീസ് നടത്തുന്നില്ല. ഇത് പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയതായും എംപി കൂട്ടിച്ചേർത്തു.

Leave a Reply