
ഫിഷറീസ് വകുപ്പ് മുസ്ലീം ലീഗിന് നൽകിയ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ലത്തീൻ സഭ രംഗത്ത്. തീരദേശ ജനതയുടെ ജീവിതവും പ്രശ്നങ്ങളും അടുത്തറിഞ്ഞ് പ്രവർത്തിക്കുന്നവരാണ് ഫിഷറീസ് വകുപ്പിന് നേതൃത്വം നൽകേണ്ടതെന്ന് ആലപ്പുഴ രൂപത പി.ആർ.ഒയും രാഷ്ട്രീയകാര്യ സമിതിയംഗവുമായ ഫാ. സേവ്യർ കുടിയാംശ്ശേരി പറഞ്ഞു.

കടലോരവാസികൾ ഏറ്റവും കൂടുതലായി താമസിക്കുന്ന ലത്തീൻ സഭയുടെയും തീരദേശ സമൂഹത്തിന്റെയും ശബ്ദം സർക്കാർ തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ദൈനംദിന പ്രശ്നങ്ങൾ നേരിട്ട് അനുഭവിച്ചറിയുന്ന പ്രതിനിധികൾക്ക് ഫിഷറീസ് വകുപ്പ് കൈമാറേണ്ടതായിരുന്നു എന്നാണ് സഭാവൃത്തങ്ങളുടെ നിലപാട്.
ഇതിനോടൊപ്പം ലത്തീൻ സഭയിലെ മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എഡി തോമസ് എം.എൽ.എയെയും ഫാ. സേവ്യർ പ്രത്യേകമായി പരാമർശിച്ചു. തീരദേശ ജനതയുടെ വിഷയങ്ങൾ സഭയിലും പൊതുസമൂഹത്തിലും ശക്തമായി ഉന്നയിക്കാൻ കഴിയുന്ന വ്യക്തിത്വമാണ് എഡി തോമസെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫിഷറീസ് വകുപ്പിന്റെ ചുമതല സംബന്ധിച്ച തീരുമാനം തീരദേശ മേഖലകളിൽ വ്യാപക ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പ്രതിനിധിത്വം ഉറപ്പാക്കണമെന്ന ആവശ്യം വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്ന സാഹചര്യത്തിലാണ് ലത്തീൻ സഭയുടെ പ്രതികരണം ശ്രദ്ധേയമായത്.