
കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ മാത്രം ലഭ്യമായ ശീതീകരിച്ച (എസി) കാത്തിരിപ്പ് ഹാൾ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിലും പ്രവർത്തനമാരംഭിച്ചു. യാത്രക്കാരുടെ സൗകര്യത്തിനായി രൂപകൽപ്പന ചെയ്ത ഈ ഹാളിന്റെ ഉദ്ഘാടനം മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് നിർവഹിച്ചു.
അമൃത് ഭാരത് സ്റ്റേഷൻ നവീകരണ പദ്ധതിയുടെ ഭാഗമായി സ്റ്റേഷൻ സമഗ്രമായി നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴാണ് എസി വെയ്റ്റിംഗ് ഹാളിന്റെ പ്രവർത്തനം ആരംഭിച്ചത്. നവീകരണ പദ്ധതിയുടെ ഭാഗമായി യാത്രക്കാർക്ക് മുൻനിര സ്റ്റേഷനുകളോട് സമാനമായ സൗകര്യങ്ങൾ നൽകുക എന്നതാണ് ലക്ഷ്യമെന്ന് എം പി പറഞ്ഞു.
പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ സ്ഥാപിച്ചിരിക്കുന്ന ഈ എസി വെയ്റ്റിംഗ് ഹാളിൽ കാഴ്ചാസൗകര്യങ്ങളോടു കൂടിയ വിശാലമായ ഇരിപ്പിടങ്ങൾ, കാറ്ററിംഗ് സ്റ്റാൾ, ശൗചാലയം, കുടിവെള്ള സൗകര്യം, ചാർജിങ് പോയിന്റുകൾ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർക്ക് ഉചിതമായ വിശ്രമവും സൗകര്യപ്രദമായ കാത്തിരിപ്പ് സംവിധാനവുമൊരുക്കുക എന്നതാണ് ഹാളിന്റെ ലക്ഷ്യം.
നേരത്തെ നൽകിയ നിർദേശപ്രകാരം ചങ്ങനാശ്ശേരി സ്റ്റേഷനിലെ രണ്ടാമത്തെ ഫൂട്ട് ഓവർ ബ്രിഡ്ജിന്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. 1, 2 നമ്പർ പ്ലാറ്റ്ഫോമുകളിലേക്ക് യാത്രക്കാരുടെ സൗകര്യാർത്ഥം നിർദ്ദേശിച്ച ലിഫ്റ്റിന്റെ നിർമ്മാണം അവസാനം ഘട്ടത്തിലാണെന്ന് എംപി പറഞ്ഞു. പുതിയ സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടെ ആധുനിക സൗകര്യങ്ങളോട് കൂടിയ സ്റ്റേഷൻ പൂർണ്ണമായും യാത്രക്കാരുടെ സേവനത്തിന് സമർപ്പിക്കാനാകും.
ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികൾ നിർദ്ദേശിക്കുകയും, റെയിൽവേ മന്ത്രാലയത്തെയും ദക്ഷിണ റെയിൽവേ ഡിവിഷനെയും സമീപിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ സജീവ ഇടപെടലുകൾ നടത്തുകയും ചെയ്തിട്ടുള്ളതായി കൊടിക്കുന്നിൽ പറഞ്ഞു. സ്റ്റേഷന്റെ വികസനം പ്രദേശത്തിന്റെ സമഗ്ര ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിനും നഗരവികസനത്തിനും വലിയ ഗുണം ചെയ്യുമെന്ന് എംപി കൂട്ടിച്ചേർത്തു.
