
കോട്ടയം: അമയന്നൂർ നിഷ്കളങ്ക ജംഗ്ഷനിൽ ഞായറാഴ്ച രാത്രിയുണ്ടായ ദാരുണ റോഡപകടത്തിൽ യുവാവ് മരിച്ചു. അമയന്നൂർ കൈലാറ്റിൽ വീട്ടിൽ വിജയകുമാർ (ലാൽ)–ബിന്ദു ദമ്പതികളുടെ മകൻ അതുൽ ലാൽ (28) ആണ് മരിച്ചത്. അപകടത്തിൽ മറ്റൊരു ബൈക്ക് യാത്രക്കാരനായ അയർക്കുന്നം കരിങ്ങോട്ടിൽ റോഷന് ഗുരുതര പരുക്കേറ്റു.

തിരുവഞ്ചൂർ–അയർക്കുന്നം റോഡിലെ നിഷ്കളങ്ക ജംഗ്ഷനിൽ അയർക്കുന്നം ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അതുൽ ലാലിന്റെ വാഹനം എതിർദിശയിൽ വന്ന റോഷൻ ഓടിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു.
അപകടത്തിൽ കാലിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റ അതുലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ റോഷനെ ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്.
മരിച്ച അതുൽ ലാലിന്റെ മാതാവ് ബിന്ദുവും സഹോദരി നിധി ലാലുമാണ്.