You are currently viewing പൊതുപ്രവർത്തകനും ഉപഭോക്തൃ സംരക്ഷണ നിയമവിദഗ്ദ്ധനുമായ ഡിജോ കാപ്പൻ (68) അന്തരിച്ചു

പൊതുപ്രവർത്തകനും ഉപഭോക്തൃ സംരക്ഷണ നിയമവിദഗ്ദ്ധനുമായ ഡിജോ കാപ്പൻ (68) അന്തരിച്ചു

പാലാ: പ്രമുഖ പൊതുപ്രവർത്തകനും ഉപഭോക്തൃ സംരക്ഷണ നിയമവിദഗ്ദ്ധനുമായ ഡിജോ കാപ്പൻ (68) അന്തരിച്ചു. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വെള്ളിയാഴ്ച രാവിലെ പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി അപകടത്തിൽപ്പെട്ട പരിക്കുകൾക്ക് ചികിത്സയിലായിരുന്നു.

പൗരാവകാശങ്ങൾക്കും ഉപഭോക്തൃ അവകാശങ്ങൾക്കും വേണ്ടി നിരന്തരം ശബ്ദമുയർത്തിയ വ്യക്തിയായിരുന്നു ഡിജോ കാപ്പൻ. ഉപഭോക്തൃ സംരക്ഷണം, മനുഷ്യാവകാശം, പൊതുപ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നിരവധി ബോധവൽക്കരണ ക്ലാസുകൾക്കും ചർച്ചകൾക്കും അദ്ദേഹം നേതൃത്വം നൽകി. പൊതുപ്രവർത്തകൻ, ഉപഭോക്തൃ സംരക്ഷണ നിയമവിദഗ്ദ്ധൻ, രാഷ്ട്രീയ നിരീക്ഷകൻ എന്നീ നിലകളിൽ കേരളത്തിൽ സുപരിചിതനായിരുന്നു.

പാലാ സെന്റ് തോമസ് കോളേജിൽ കെ.എസ്.സി (കേരള കോൺഗ്രസ് വിദ്യാർത്ഥി വിഭാഗം) പ്രവർത്തനങ്ങളിലൂടെയാണ് അദ്ദേഹം രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്നത്. 1982-ൽ കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

തുടർന്ന് കെ.എസ്.സി, യൂത്ത് ഫ്രണ്ട് എന്നിവയുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. 1998-ൽ സജീവ രാഷ്ട്രീയം വിട്ട അദ്ദേഹം പിന്നീട് പൂർണമായും ഉപഭോക്തൃ സേവന-നിയമരംഗത്തേക്ക് തിരിഞ്ഞു.
1988-ൽ സ്ഥാപിച്ച ‘സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷൻ’ എന്ന സംഘടനയിലൂടെ ആയിരക്കണക്കിന് ആളുകൾക്ക് നിയമസഹായം നൽകിയിട്ടുണ്ട്.

കെ.എസ്.ഇ.ബി നിരക്ക് വർധനവ്, റോഡ് നികുതി, ഗതാഗത പ്രശ്നങ്ങൾ, മാലിന്യ നിർമാർജനം തുടങ്ങി വിവിധ പൊതുപ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. ടെലിവിഷൻ ചർച്ചകളിലും മാധ്യമ വേദികളിലും ഉപഭോക്തൃ അവകാശങ്ങളെയും പൗരാവകാശങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യക്തമായ നിലപാടുകൾ ശ്രദ്ധേയമായിരുന്നു.

പാലാ ഇടമറ്റം സ്വദേശിയായ ഡിജോ കാപ്പന്റെ ഭാര്യ കേരള സർവകലാശാലയിലെ അസിസ്റ്റന്റ് രജിസ്ട്രാറായ ഡോ. മിനി കാപ്പനാണ്. മൂന്ന് മക്കളുണ്ട്.

Leave a Reply