You are currently viewing ബീരിച്ചേരി റെയിൽവേ ഗേറ്റിൽ മേൽപ്പാലത്തിന് ജിഎഡി അനുമതി

ബീരിച്ചേരി റെയിൽവേ ഗേറ്റിൽ മേൽപ്പാലത്തിന് ജിഎഡി അനുമതി

കാസർഗോഡ്–കണ്ണൂർ ജില്ലാ അതിർത്തി പ്രദേശത്തെ ബീരിച്ചേരി റെയിൽവേ ഗേറ്റിൽ മേൽപ്പാലം നിർമിക്കുന്നതിനായുള്ള ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ്ങിന് (GAD) റെയിൽവേ അനുമതി ലഭിച്ചതായി എം.പി. രാജ്മോഹൻ ഉണ്ണിത്താൻ അറിയിച്ചു. ദീർഘകാല കാത്തിരിപ്പിനും നിരവധി ഇടപെടലുകൾക്കുമൊടുവിലാണ് അനുമതി ലഭിച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു.

പദ്ധതി യാഥാർഥ്യമാക്കുന്നതിനായി നിരവധി തവണ റെയിൽവേ അധികൃതരുമായി ചർച്ചകളും കത്തിടപാടുകളും ഫോൺവിളികളും നടത്തിയതായി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. 2024 ഡിസംബർ 31നകം ജിഎഡി അംഗീകാരം നൽകാമെന്ന് റെയിൽവേ അധികൃതർ രേഖാമൂലം ഉറപ്പ് നൽകിയിരുന്നെങ്കിലും, പിന്നീട് ഏറെ കാലം കൂടി ശ്രമങ്ങൾ തുടരേണ്ടി വന്നതായും അദ്ദേഹം വ്യക്തമാക്കി.

ഗ്രാമപഞ്ചായത്ത് അധികൃതരും പ്രദേശവാസികളും പലതവണ തന്റെ ഓഫീസിൽ എത്തി വിഷയത്തിൽ ചർച്ച നടത്തിയിരുന്നുവെന്നും, സംസ്ഥാന സർക്കാർ സ്ഥാപനമായ ആർബിഡിസിയും (RBDC) ദക്ഷിണ റെയിൽവേയും തമ്മിൽ ഫയൽ കൈമാറ്റം നീണ്ടുപോയതും പദ്ധതിയുടെ പുരോഗതി വൈകാൻ കാരണമായതായും അദ്ദേഹം ആരോപിച്ചു.

പ്രദേശത്തെ വ്യാപാരി സമൂഹവും വിവിധ രാഷ്ട്രീയ കക്ഷികളും സമരപരിപാടികൾ ആരംഭിച്ച സാഹചര്യത്തിലാണ് എൽസി 265-നുള്ള ജിഎഡി അനുമതി ലഭിച്ചതെന്നും, എൽ സി 266-നും ഉടൻ അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും രാജ്മോഹൻ ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി. ഇരു മേൽപ്പാലങ്ങൾക്കും അനുമതി ലഭിച്ചാൽ മാത്രമേ പ്രദേശത്തിന്റെ വികസനത്തെ ബാധിക്കുന്ന ഗതാഗത പ്രശ്നങ്ങൾക്ക് സ്ഥിരപരിഹാരം ഉണ്ടാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

മേൽപ്പാല നിർമാണത്തിനായുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കാമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചതായും, സ്ഥലമേറ്റെടുപ്പ് പൂർത്തിയായ ശേഷമേ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങുകയുള്ളുവെന്നും വ്യക്തമാക്കി. പദ്ധതിയുടെ യാഥാർഥ്യവൽക്കരണത്തിന് ഇനിയും നിരവധി നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂർ–കാസർഗോഡ് ജില്ലകളിലായി ആകെ 13 മേൽപ്പാല പദ്ധതികളാണുള്ളതെന്നും, ഇതിൽ ഏഴ് പദ്ധതികളുടെ പ്രവൃത്തി രണ്ട് വർഷം മുൻപ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും നിലവിൽ പല പദ്ധതികളും മന്ദഗതിയിലാണെന്നും അദ്ദേഹം വിമർശിച്ചു. വിഷയം പാർലമെന്റിലും വിവിധ റെയിൽവേ കമ്മിറ്റി യോഗങ്ങളിലും ഉന്നയിച്ചിട്ടുണ്ടെന്നും പറഞ്ഞു.

തൃക്കരിപ്പൂർ മേഖലയിലെ മറ്റൊരു മേൽപ്പാല പദ്ധതിക്കും ഉടൻ ജിഎഡി അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച രാജ്മോഹൻ ഉണ്ണിത്താൻ, ജില്ലയിലെ മുഴുവൻ മേൽപ്പാല പദ്ധതികളും പൂർത്തിയാക്കി ഗതാഗതക്കുരുക്കിന് സ്ഥിരപരിഹാരം കാണാൻ കൂടുതൽ ഇടപെടലുകൾ തുടരുമെന്നും അറിയിച്ചു. കേന്ദ്ര–സംസ്ഥാന സർക്കാർ വകുപ്പുകളും ബന്ധപ്പെട്ട ഏജൻസികളും പൊതുജനങ്ങളും സഹകരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply