You are currently viewing വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വീണ്ടും വിലവർധന; ഹോട്ടൽ-റസ്റ്റോറന്റ് മേഖലയിൽ ആശങ്ക

വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വീണ്ടും വിലവർധന; ഹോട്ടൽ-റസ്റ്റോറന്റ് മേഖലയിൽ ആശങ്ക

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില ജൂൺ 1 മുതൽ വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ ₹42 വർധിപ്പിച്ച് ₹3,113.50 ആക്കിയപ്പോൾ,കേരളത്തിൽ വാണിജ്യ എൽപിജി സിലിണ്ടറിന് 46 രൂപയുടെ വർധന ഉണ്ടായി. ഇതോടെ കൊച്ചിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ പുതിയ വില 3,131 രൂപയായി ഉയർന്നു. അതേസമയം, 5 കിലോഗ്രാം ഫ്രീ ട്രേഡ് എൽപിജി (FTL) സിലിണ്ടറിന്റെ വില ഡൽഹിയിൽ ₹11 ഉയർന്ന് ₹821.50 ആയി. ഗാർഹിക ഉപഭോക്താക്കൾ ഉപയോഗിക്കുന്ന സബ്സിഡിയില്ലാത്ത 14.2 കിലോഗ്രാം സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

പശ്ചിമേഷ്യയിലെ വർധിച്ചുവരുന്ന സംഘർഷാവസ്ഥയും വിതരണ ശൃംഖലയിലെ അനിശ്ചിതത്വവുമാണ് പുതിയ വിലവർധനയ്ക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. അമേരിക്ക-ഇറാൻ സംഘർഷം ശക്തമായതോടെ ഗൾഫ് മേഖലയിൽ നിന്നുള്ള എൽപിജി ഇറക്കുമതിക്ക് തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഇന്ത്യയുടെ എൽപിജി ആവശ്യത്തിന്റെ വലിയൊരു പങ്കും ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് ലഭിക്കുന്നത്.

ഭാവിയിൽ ഉണ്ടാകാവുന്ന വിതരണ തടസ്സങ്ങൾ നേരിടുന്നതിനായി രാജ്യത്ത് 30 ദിവസത്തേക്ക് മതിയാകുന്ന എൽപിജി ശേഖരം സൃഷ്ടിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കവും വിലവർധനയ്ക്ക് കാരണമായതായി റിപ്പോർട്ടുകളുണ്ട്. തന്ത്രപ്രധാന സംഭരണശേഷി വർധിപ്പിക്കുന്നതിനുള്ള ചെലവുകൾ വിപണിവിലയിൽ പ്രതിഫലിക്കുന്നുവെന്നാണ് വിലയിരുത്തൽ.

തുടർച്ചയായ വിലവർധന വാണിജ്യ മേഖലയിൽ കടുത്ത ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. 2026-ൽ മാത്രം ചില നഗരങ്ങളിൽ വാണിജ്യ സിലിണ്ടറുകളുടെ വില ₹1,000 മുതൽ ₹1,400 വരെ ഉയർന്നതായി വ്യാപാര സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ചെറിയ ഭക്ഷണശാലകൾ എന്നിവയുടെ പ്രവർത്തനച്ചെലവ് ഗണ്യമായി വർധിച്ചതായും ഇത് ഭക്ഷ്യവസ്തുക്കളുടെ വില വർധനയ്ക്കും കാരണമായേക്കാമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

ഗാർഹിക സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരുമ്പോഴും ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്കുമേൽ വീണ്ടും അധിക സാമ്പത്തിക ഭാരം ചുമത്തുന്ന നടപടിയാണിതെന്ന് വിവിധ വ്യാപാര സംഘടനകൾ വിമർശിച്ചു. കൂടുതൽ വിലവർധനകൾ ഉണ്ടാകാതിരിക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യവും ശക്തമാകുകയാണ്.

Leave a Reply