You are currently viewing ഇടുക്കി അണക്കെട്ട് കാണാന്‍ രണ്ട് മാസത്തിനിടെ 27,700 സഞ്ചാരികള്‍ എത്തിച്ചേർന്നു

ഇടുക്കി അണക്കെട്ട് കാണാന്‍ രണ്ട് മാസത്തിനിടെ 27,700 സഞ്ചാരികള്‍ എത്തിച്ചേർന്നു

കേരളത്തിന്റെ അഭിമാനമായ ഇടുക്കി ആര്‍ച്ച് ഡാം വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് മുന്നേറുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 27,700 പേരാണ് ഈ നിര്‍മ്മാണ വിസ്മയം നേരിട്ട് കാണാന്‍ എത്തിയതായി കണക്കുകൾ വെളിപ്പെടുത്തുന്നു

സെപ്റ്റംബര്‍ ഒന്നിന് പൊതുജനങ്ങള്‍ക്ക് അണക്കെട്ട് സന്ദര്‍ശനത്തിന് തുറന്നതിനു ശേഷം ഒക്‌ടോബര്‍ 24 വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം 25,060 മുതിര്‍ന്നവരും 2,640 കുട്ടികളും ഇടുക്കി ഡാം സന്ദര്‍ശിച്ചു. കുറുവന്‍-കുറത്തി മലകളെ ബന്ധിപ്പിക്കുന്ന ഈ ആര്‍ച്ച് ഡാമും സമീപത്തെ ചെറുതോണി അണക്കെട്ടും വിനോദസഞ്ചാരികള്‍ക്ക് അപൂര്‍വമായ ദൃശ്യാനുഭവം സമ്മാനിക്കുകയാണ്.

ഓണം, വിജയദശമി, ദീപാവലി തുടങ്ങിയ അവധിദിനങ്ങളിലായിരുന്നു പ്രധാനമായും സഞ്ചാരികളുടെ തിരക്ക്. നിലവില്‍ സുരക്ഷാ നിയന്ത്രണങ്ങളോടെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഡാമില്‍ പരിശോധനകള്‍ നടക്കുന്ന ബുധനാഴ്ചകളിലും, റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളിലും ഡാമില്‍ പ്രവേശനമില്ല. സുരക്ഷാ കാരണങ്ങളാല്‍ അണക്കെട്ടിന് മുകളിലൂടെ കാല്‍നടയാത്ര നിരോധിച്ചിട്ടുണ്ട്; ഹൈഡല്‍ ടൂറിസം വിഭാഗം ഒരുക്കിയ ബഗ്ഗി കാറുകള്‍ വഴിയേ മാത്രമേ സന്ദര്‍ശനം സാധ്യമാകൂ.

ടിക്കറ്റ് ബുക്ക് ചെയ്യാന്‍ www.keralahydeltourism.com വഴി ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടാതെ, ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിനു സമീപം ടിക്കറ്റ് കൗണ്ടറും പ്രവർത്തിക്കുന്നു. മുതിര്‍ന്നവര്‍ക്ക് ₹150 ഉം കുട്ടികള്‍ക്ക് ₹100 ഉം ടിക്കറ്റ് നിരക്കാണ്. പ്രവേശനത്തിനായി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

സന്ദര്‍ശന മാര്‍ഗമായി ചെറുതോണി–തൊടുപുഴ റോഡിലെ പാറേമാവില്‍ കൊലുമ്പന്‍ സമാധിക്കു മുന്നിലുള്ള പാതയിലൂടെ പ്രവേശിക്കാം. തിരിച്ചുപോകാന്‍ മെഡിക്കല്‍ കോളജിന് മുന്നിലൂടെയുള്ള വഴി ഉപയോഗിക്കാവുന്നതാണ്.

അടുത്ത മാസം മുതല്‍ സന്ദര്‍ശന നിയന്ത്രണം ഒഴിവാക്കാനുള്ള തത്വത്തില്‍ തീരുമാനം എടുത്തിട്ടുണ്ടെങ്കിലും ഔദ്യോഗിക ഉത്തരവ് സർക്കാർ ഇതുവരെ പുറത്തിറക്കിയിട്ടില്ല. നവംബര്‍ 30 വരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാനാണ് നിലവിലെ തീരുമാനം. നിയന്ത്രണം നീക്കിയാല്‍ സഞ്ചാരികളുടെ എണ്ണം വിപുലമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply