
ചെങ്ങന്നൂർ ∙ ശബരിമല തീർത്ഥാടന കാലത്തിന്റെ സുഗമമായ നടത്തിപ്പിനായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. മുൻവർഷങ്ങളിലെ പോലെ ഇത്തവണയും ശബരിമലയിൽ പോകുന്നതിനായി ചെങ്ങന്നൂരിൽ എത്തുന്ന അയ്യപ്പഭക്തർക്ക് കുറ്റമറ്റ സേവനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് യോഗം നിർദ്ദേശിച്ചു.
തീർത്ഥാടനത്തിന്റെ ആദ്യ ദിനം മുതൽ തന്നെ റിസർവേഷൻ കൗണ്ടറുകൾ, ഇൻഫർമേഷൻ ഓഫീസ് ജീവനക്കാർ (ഇതര സംസ്ഥാന ഭാഷ കൈകാര്യം ചെയ്യാൻ കഴിയുന്നവർ), വിശ്രമസൗകര്യങ്ങൾ, കുടിവെള്ളം, മൊബൈൽ ചാർജിങ് പോയിന്റുകൾ, ശൗചാലയങ്ങൾ, വിരി വെക്കുവാൻ ആവശ്യമായ സൗകര്യങ്ങൾ തുടങ്ങിയവ പൂർണ്ണ തോതിൽ ഒരുക്കണമെന്ന് നിർദേശിച്ചു. കൂടാതെ യാത്രക്കാരുടെയും അയ്യപ്പഭക്തരുടെയും സുരക്ഷക്കായി അധിക ആർപിഎഫ് ഉദ്യോഗസ്ഥർ വിന്യസിക്കാനും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും ആവശ്യപ്പെട്ടു.
തിരക്ക് നിയന്ത്രണം, മാലിന്യ സംസ്കരണം, ഗതാഗത സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിവിധ സർക്കാർ വകുപ്പുകളുമായി ഏകോപനം ഉറപ്പാക്കണമെന്ന് ഡിവിഷണൽ റെയിൽവേ മാനേജർക്ക് നിർദ്ദേശം നൽകി. അതോടൊപ്പം ചെങ്ങന്നൂരിൽ ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിംഗ് സൗകര്യം ഒരുക്കണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധിയോട് ആവശ്യപ്പെട്ടു.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ പിൽഗ്രിം സെന്ററിൽ നടന്ന അവലോകന യോഗത്തിൽ ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ, ഓപ്പറേഷൻസ്, കൊമേർഷ്യൽ, ഇലക്ട്രിക്കൽ, കൺസ്ട്രക്ഷൻ വിഭാഗം ഉന്നത ഉദ്യോഗസ്ഥർ, ചെങ്ങന്നൂർ ആർഡിഒ, ഡിവൈഎസ്പി, നഗരസഭ ചെയർപേഴ്സൺ, സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു. ഫയർഫോഴ്സ്, കെഎസ്ആർടിസി, എക്സൈസ്, കെഎസ്ഇബി, ആർപിഎഫ്, തിരുവിതാംകൂർ ദേവസ്വം ബോർഡ്, അയ്യപ്പ സേവാസമാജം, അയ്യപ്പ സേവാ സംഘം, ചെങ്ങന്നൂർ പ്രസ് ക്ലബ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും യോഗത്തിൽ പങ്കാളികളായി.
