You are currently viewing ഇരുപത്തിയെട്ടിൽ കടവിലും കരിപ്പുഴ തോട്ടിലും നീരൊഴുക്ക് തടസ്സം നീക്കി; ജലനിർഗമനം ഉറപ്പാക്കാൻ അടിയന്തര നടപടി

ഇരുപത്തിയെട്ടിൽ കടവിലും കരിപ്പുഴ തോട്ടിലും നീരൊഴുക്ക് തടസ്സം നീക്കി; ജലനിർഗമനം ഉറപ്പാക്കാൻ അടിയന്തര നടപടി

ആലപ്പുഴ: അച്ചൻകോവിലാറിലും കരിപ്പുഴ തോട്ടിലുമുണ്ടായ നീരൊഴുക്ക് തടസ്സം നീക്കാൻ അടിയന്തര നടപടി സ്വീകരിച്ചതായി എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം. ലിജു അറിയിച്ചു. ഇന്ന് രാവിലെ അച്ചൻകോവിലാർ ഒഴുകുന്ന ഇരുപത്തിയെട്ടിൽ കടവിലും അച്ചൻകോവിലാറിന്റെ കൈവഴിയായ കരിപ്പുഴ തോടിൽ പാലത്തിന് സമീപവും നീരൊഴുക്ക് തടസ്സപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രി നേരിട്ട് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

പോളയും ചപ്പും മുളകളും അടിഞ്ഞുകൂടി ജലപ്രവാഹം തടസ്സപ്പെട്ട നിലയിലായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. തുടർന്ന് നാട്ടുകാരുടെ സഹകരണത്തോടെ സ്ഥലത്തെ തടസ്സങ്ങൾ നീക്കം ചെയ്യുകയും നീരൊഴുക്ക് പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുകയുമായിരുന്നു.

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ജലനിർഗമനം സുഗമമാക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ ജലനിർഗമനം ഉറപ്പാക്കാൻ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും മാലിന്യങ്ങളും മറ്റ് തടസ്സങ്ങളും അടിയന്തരമായി നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കരിപ്പുഴ തടയണയ്ക്ക് സമീപം കരയുടെ ഇരുവശങ്ങളിലുമുള്ള മരങ്ങൾ വെട്ടിമാറ്റാൻ തദ്ദേശ സ്വയംഭരണ വകുപ്പിനും നിർദേശം നൽകിയതായി മന്ത്രി എം. ലിജു അറിയിച്ചു. മഴക്കാലത്ത് വെള്ളക്കെട്ടും പ്രളയസാധ്യതയും ഒഴിവാക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ തുടർ നടപടികൾ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply