
കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. വെളിയം ഗ്രാമപഞ്ചായത്തിലെ വാപ്പാല കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മിച്ച ഓഫീസ് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കവെയാണ് മന്ത്രി ഈ വിവരം അറിയിച്ചത്.
ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാരുടെ 202 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും, മെഡിക്കല്‍ കോളേജുകളില്‍ അന്‍പതോളം തസ്തികകളും ഉടന്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യരംഗത്ത് മികച്ച സംവിധാനങ്ങള്‍ ഒരുക്കാനുള്ള പദ്ധതികള്‍ തുടര്‍ന്നും നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വെളിയത്ത് മൂന്നു കോടി രൂപ ചെലവഴിച്ച് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മിക്കാനുള്ള പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു.
ഓണറേറിയം വര്‍ധിപ്പിച്ചതിന് നന്ദി അറിയിച്ച് വെളിയം ഗ്രാമപഞ്ചായത്തിലെ ആശാപ്രവര്‍ത്തകര്‍ മന്ത്രിയെ ആദരിച്ചു. പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ഓഫീസ് ബ്ലോക്ക് നിര്‍മിച്ചത്.
ഉദ്ഘാടന ചടങ്ങില്‍ വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. പ്രശാന്ത് അധ്യക്ഷനായി. പ്രാദേശിക ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
