You are currently viewing കളമശ്ശേരിയിൽ 100 കോടി രൂപ ചെലവിൽ ബി.പി.സി.എൽ സ്‌കിൽ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്

കളമശ്ശേരിയിൽ 100 കോടി രൂപ ചെലവിൽ ബി.പി.സി.എൽ സ്‌കിൽ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്

കൊച്ചി: കളമശ്ശേരിയിൽ 100 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന ബി.പി.സി.എൽ (BPCL) സ്‌കിൽ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിനായുള്ള ധാരണാപത്രം ഒപ്പുവച്ചു. ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ് പങ്കെടുത്തു. കളമശ്ശേരി കണ്ടെയ്നർ റോഡിന് സമീപമുള്ള ടി.സി.സി (TCC)യുടെ ഭൂമിയിലാണ് പുതിയ ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്നത്.

വ്യവസായ വകുപ്പിന് കീഴിലുള്ള ടി.സി.സി വിട്ടു നൽകിയ നാല് ഏക്കർ ക്യാമ്പസിൽ, 1,10,000 ചതുരശ്ര അടിയിലായിരിക്കും ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുക. എഫ്.എ.സി.ടി, ടി.സി.സി, ബി.പി.സി.എൽ, കൊച്ചിൻ ഷിപ്പ്യാർഡ് തുടങ്ങിയ പ്രധാന വ്യവസായ സ്ഥാപനങ്ങളുടെ സാമീപ്യം കണക്കിലെടുത്താണ് വിദ്യാർത്ഥികൾക്കും തൊഴിൽപ്രതീക്ഷകർക്കും നൈപുണ്യ വികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്.

വിദ്യാർത്ഥികൾക്ക് ഫീസ്, താമസം, ഭക്ഷണം, യൂണിഫോം, പുസ്തകങ്ങൾ എന്നിവ സൗജന്യമായിരിക്കും. ഇതിനായി ബി.പി.സി.എൽ പ്രതിവർഷം 10 കോടി രൂപ വീതം ചെലവഴിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒരു വിദ്യാർത്ഥിക്ക് ശരാശരി 1.30 ലക്ഷം രൂപ ചെലവാകും.
ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്വാൻസ്ഡ് വെൽഡിങ് വിത്ത് റോബോട്ടിക്സ്, പ്രിസിഷൻ മാനുഫാക്ചറിങ്, റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ, ഇലക്ട്രിക് ഹോം ഓട്ടോമേഷൻ, ഇൻഡസ്ട്രിയൽ ട്രാൻസ്പോർട്ടേഷൻ, വാട്ടർ മാനേജ്മെൻറ് ആൻഡ് മോഡേൺ പ്ലംബിംഗ്, അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, ക്ലൈമറ്റ് ആൻഡ് എൻവയോൺമെൻറ് മാനേജ്മെൻറ്, മീഡിയ ആൻഡ് എന്റർടെയ്ൻമെൻറ്, സ്മാർട്ട് മാനുഫാക്ചറിങ് തുടങ്ങിയ വിഷയങ്ങളിൽ കോഴ്സുകൾ നടത്തും.

മൂന്നു മുതൽ ആറുമാസം വരെ ദൈർഘ്യമുള്ള കോഴ്സുകളിൽ പ്രതിവർഷം 1600 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കും. നൈപുണ്യ വികസന രംഗത്ത് പ്രവർത്തിക്കുന്ന അസാപ് (ASAP), എൻ.ടി.ടി.എഫ് (NTTF) തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള സഹകരണത്തോടെ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കും.

Leave a Reply