
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ സംസ്ഥാനതല മിന്നൽ പരിശോധനയായ **‘ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്’**യിൽ കണ്ടെത്തിയ ഗുരുതര വീഴ്ചകളെയും അഴിമതി ആരോപണങ്ങളെയും അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു
വിജിലൻസ് റിപ്പോർട്ടിൽ പേരുള്ളതോ വ്യക്തമായ തെളിവുകൾ ലഭിച്ചതോ ആയ എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാനും പൊതുവിദ്യാഭ്യാസ മേഖലയിലെ സുതാര്യത ഉറപ്പാക്കാനും സർക്കാർ കർശനമായ നടപടികളിലേക്ക് നീങ്ങും. വിജിലൻസിന്റെ തുടർ പരിശോധനകൾക്ക് മുഴുവൻ പിന്തുണയും നൽകുമെന്ന് അറിയിച്ചു.
അഴിമതി ഇടപാടുകളിൽ പങ്കാളികളായിരുന്നെന്ന് കണ്ടെത്തിയ എല്ലാ ഉദ്യോഗസ്ഥർക്കും, ഇടനിലക്കാരാക പ്രവർത്തിച്ച റിട്ടയേർഡ് ഉദ്യോഗസ്ഥർക്കുമെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. ഇതിന്റെ ഭാഗമായി വകുപ്പ് തലത്തിൽ ഒരു അടിയന്തിര ആഭ്യന്തര അന്വേഷണ സമിതി രൂപീകരിക്കും. അഴിമതിക്ക് വഴിവെച്ച എല്ലാ ഫയലുകളും നടപടിക്രമങ്ങളും സമഗ്രമായി പരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
“വിദ്യാഭ്യാസ വകുപ്പിൽ അഴിമതിക്ക് യാതൊരു സ്ഥാനവുമില്ല. ഒരു ഉദ്യോഗസ്ഥനും നിയമത്തിന് അതീതരല്ല” എന്ന് മന്ത്രി പറഞ്ഞു. തുടർ പരിശോധനകൾക്ക് ശേഷമുള്ള അന്തിമ വിജിലൻസ് റിപ്പോർട്ട് ലഭിക്കുന്നതോടെ കൂടുതൽ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് സർക്കാരിന്റെ നിലപാടാണ്.
