
കല്ലട: നവംബർ 29 നു നടക്കുന്ന കല്ലട ജലോത്സവത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ ജില്ലാ കലക്ടർ എൻ. ദേവിദാസ് വിലയിരുത്തി. പ്രത്യേക യോഗത്തിൽ വിവിധ വകുപ്പ് തലങ്ങളുടെ ഉത്തരവാദിത്വങ്ങളും ഒരുക്കങ്ങളും സമഗ്രമായി പരിശോധിച്ചു.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊലീസ്, അഗ്‌നിശമന സേന, അടിയന്തര ചികിത്സാ സൗകര്യങ്ങൾ എന്നിവ കർശനമായി ഒരുക്കണമെന്ന് കലക്ടർ നിർദേശിച്ചു. അടിയന്തര ചികിത്സസൗകര്യങ്ങള്‍ ഒരുക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറെ പ്രത്യേകമായി ചുമതലപ്പെടുത്തി.
ജലോത്സവ സ്ഥലത്ത് പൊതുശുചിത്വം പാലിക്കുന്നതിന് ശുചിത്വ മിഷനു പ്രത്യേക നിർദ്ദേശം നൽകി. ഉദ്ഘാടനച്ചടങ്ങുകൾക്കായി ജങ്കാറിൽ പന്തൽ സജ്ജമാക്കണമെന്നും കലക്ടർ നിർദേശിച്ചു.
ജലോത്സവ വേളയിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കച്ചവടക്കാർ നിർബന്ധമായും ലൈസൻസ് കൈവശം വെക്കുകയും, ഗുണനിലവാര പരിശോധനകൾ ശക്തമാക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദ്ദേശം നൽകി
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടാകുന്നതിനാൽ ഉദ്ഘാടനച്ചടങ്ങുകൾ ലളിതമായി നടത്തണമെന്ന് കലക്ടർ വ്യക്തമാക്കി.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, പോലീസ്, ഫയർഫോഴ്‌സ്, ജില്ലാ മെഡിക്കൽ ഓഫീസിന്റെ പ്രതിനിധികൾ, ഭക്ഷ്യസുരക്ഷാ വകുപ്പുൾപ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
