You are currently viewing ശബരിമലയിൽ സുരക്ഷ ശക്തം: ആർ.എ.എഫ് സംഘം ചുമതലയേറ്റു

ശബരിമലയിൽ സുരക്ഷ ശക്തം: ആർ.എ.എഫ് സംഘം ചുമതലയേറ്റു

ശബരിമല തിരുവിതാംകൂർ ദേവസ്വം മണ്ഡലം-മകരവിളക്ക് തീർത്ഥാടന സീസണോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ആർ.എ.എഫ്) സംഘം സന്നിധാനത്ത് ചുമതലയേറ്റു. കൊല്ലം സ്വദേശിയായ ഡെപ്യൂട്ടി കമാൻഡർ ബിജുറാമിന്റെ നേതൃത്വത്തിലുള്ള 140 അംഗ സംഘമാണ് ശനിയാഴ്ച സന്നിധാനത്ത് എത്തി ചുമതലയേറ്റത്.

സി.ആർ.പി.എഫിന്റെ കോയമ്പത്തൂർ ബേസ് ക്യാമ്പിൽ നിന്നുള്ള സംഘമാണ് ശബരിമലയിലേക്കെത്തിയത്.
സന്നിധാനത്തും മരക്കൂട്ടത്തും ആണ് ആർ.എ.എഫിന്റെ സേവനം വിന്യസിച്ചിരിക്കുന്നത്.
മൂന്ന് ഷിഫ്റ്റുകളിലായാണ് സുരക്ഷാ ക്രമീകരണങ്ങൾ; ഓരോ ഷിഫ്റ്റിലും 32 പേർ വീതം പ്രവർത്തിക്കും. ഇതുകൂടാതെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 10 അംഗങ്ങളടങ്ങിയ ക്വിക്ക് റെസ്‌പോൺസ് ടീം 24 മണിക്കൂറും സജ്ജമായിരിക്കും.
മണ്ഡല മകരവിളക്ക് സീസൺ അവസാനിക്കുന്നതുവരെ ആർ.എ.എഫ് സംഘം ശബരിമലയിൽ തുടരും. സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനുമാണ് പ്രധാന ചുമതലയെന്നും, സംസ്ഥാന പൊലീസുമായി ഏകോപനം ശക്തമാക്കിയാണു പ്രവർത്തിക്കുകയെന്നും ഡെപ്യൂട്ടി കമാൻഡർ ബിജുറാം അറിയിച്ചു.

Leave a Reply