
കല്ലറ: റോഡിന് കുറുകെ പാഞ്ഞ കാട്ടുപന്നി ഇടിച്ചുണ്ടായ ഓട്ടോ റിക്ഷാപകടത്തിൽ പരുക്കേറ്റ ഡ്രൈവർ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചു. കല്ലറ–തെങ്ങുംകോട് വി.പി. സദനത്തിൽ പ്രസന്നയുടെ മകൻ അഖിൽ രാജ് ആണ് മരണപ്പെട്ടത്.
വെള്ളി രാത്രി 9.15 ഓടെ തറട്ട ഹോസ്പിറ്റൽ റോഡിൽ വച്ച് ആണ് അപകടം ഉണ്ടായത്. തറട്ടയിൽ നിന്ന് ഓട്ടം പോയി തിരികെ വരുന്നതിനിടെ പെട്ടെന്ന് റോഡിലേക്ക് പാഞ്ഞ കാട്ടുപന്നി ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ശക്തമായ ഇടിയെത്തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു.
അപകടത്തിന്റെ ആഘാതത്തിൽ കാട്ടുപന്നി സംഭവസ്ഥലത്ത് തന്നെ ചത്തു. ഓട്ടോക്കടിയിൽ പെട്ട അഖിൽ രാജിനെ നാട്ടുകാരാണ് വാഹനമുയർത്തി പുറത്തെടുത്തത്. തലക്ക് ഗുരുതരമായ പരിക്കേറ്റ അദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ ചികിത്സാഫലപ്രദമാകാതെ മരിച്ചു.
