You are currently viewing ‘ഗോപൻ സ്വാമി’യുടെ മരണം ഹൃദയാഘാതം മൂലം; കൊലപാതക ആരോപണങ്ങളും ‘സമാധി’ വാദവും തള്ളി പോലീസ്

‘ഗോപൻ സ്വാമി’യുടെ മരണം ഹൃദയാഘാതം മൂലം; കൊലപാതക ആരോപണങ്ങളും ‘സമാധി’ വാദവും തള്ളി പോലീസ്

തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്ക് വഴിവെച്ച നെയ്യാറ്റിൻകര സ്വദേശി മണിയൻ എന്ന ‘ഗോപൻ സ്വാമി’യുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് സ്ഥിരീകരിച്ച് പോലീസ് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഇതോടെ മരണത്തിൽ ഉയർന്ന കൊലപാതക ആരോപണങ്ങളും ‘സമാധി’യുമായി ബന്ധപ്പെട്ട വാദങ്ങളും തള്ളി പോലീസ് കേസ് ഔദ്യോഗികമായി അവസാനിപ്പിച്ചു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗോപൻ സ്വാമി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് പോലീസ് കണ്ടെത്തിയത്. ഹൃദയധമനികളിലെ തടസ്സവും ലിവർ സിറോസിസുമാണ് മരണത്തിന് കാരണമായതായി അന്വേഷണത്തിൽ വ്യക്തമായത്.

ശരീരത്തിൽ വിഷാംശങ്ങളോ മറ്റ് അസ്വാഭാവികതകളോ കണ്ടെത്തിയിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിൽ മരണത്തിൽ കൊലപാതക സാധ്യതയില്ലെന്നും പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഗോപൻ സ്വാമി ജീവനോടെയിരിക്കെ ‘സമാധിയായതാണെന്ന’ ബന്ധുക്കളുടെ വാദവും അന്വേഷണത്തിൽ ശരിയല്ലെന്ന് കണ്ടെത്തി. ഹൃദയാഘാതത്തെ തുടർന്ന് സ്വാഭാവികമായി മരിച്ച ശേഷമാണ് മക്കൾ ചേർന്ന് മൃതദേഹം വീടിന്റെ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ കോൺക്രീറ്റ് അറയ്ക്കുള്ളിൽ ഇരുത്തിയ രൂപത്തിൽ അടക്കം ചെയ്തതെന്നാണ് പോലീസ് കണ്ടെത്തൽ.

2025 ജനുവരി 9-നാണ് പൂജാരിയായിരുന്ന ഗോപൻ മരണപ്പെട്ടത്. തുടർന്ന് ‘ഗോപൻ സ്വാമി സമാധിയായി’ എന്നറിയിച്ച് മക്കൾ വീടിന് മുന്നിൽ പോസ്റ്ററുകൾ സ്ഥാപിച്ചു. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയതോടെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

തുടർന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. പോസ്റ്റ്‌മോർട്ടം, രാസപരിശോധന എന്നിവയുടെ ഫലങ്ങളും അന്വേഷണത്തിൽ ലഭിച്ച മറ്റ് വിവരങ്ങളും പരിശോധിച്ച ശേഷമാണ് കൊലപാതകമോ അസ്വാഭാവിക മരണത്തിന് പിന്നിലെ മറ്റേതെങ്കിലും കാരണമോ കണ്ടെത്താനായില്ലെന്ന നിഗമനത്തിൽ പോലീസ് എത്തിയത്.

അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതോടെ മാസങ്ങളായി ചർച്ചയായിരുന്ന ‘ഗോപൻ സ്വാമി’യുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ഔദ്യോഗികമായി വിരാമമായി.

Leave a Reply