
അക്ഷയ് കുമാറും സംവിധായകൻ പ്രിയദർശനും വീണ്ടും ഒന്നിക്കുന്നു. ഇരുവരുടെയും കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഒമ്പതാമത്തെ ചിത്രമാകും ഇത്. 1960-കളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന കോമഡി ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. വന്യജീവി സംരക്ഷണമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയങ്ങളിലൊന്ന്. ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വേട്ടക്കാരനും പിന്നീട് വന്യജീവി സംരക്ഷകനുമായ ജിം കോർബെറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കഥാപാത്രത്തെയാണ് അക്ഷയ് കുമാർ അവതരിപ്പിക്കുക. ഹാസ്യത്തിനൊപ്പം ത്രില്ലർ ഘടകങ്ങളും ചേർത്താണ് ചിത്രം ഒരുക്കുന്നത്. ഇതോടെ നഗര പശ്ചാത്തലത്തിലുള്ള പതിവ് കോമഡി ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായൊരു പരീക്ഷണത്തിനാണ് അക്ഷയ്–പ്രിയദർശൻ കൂട്ടുകെട്ട് ഒരുങ്ങുന്നത്.
‘ഹേരാ ഫേരി’, ‘ഭൂൽ ഭുലയ്യ’, അടുത്തിടെ പ്രഖ്യാപിച്ച ‘ഭൂത് ബംഗ്ലാ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇരുവരും ശ്രദ്ധേയമായ വിജയങ്ങൾ നേടിയിട്ടുണ്ട്. ഇരുവരും വീണ്ടും ഒന്നിക്കുന്ന ‘ഹൈവാൻ’ എന്ന ചിത്രവും വരാനിരിക്കുകയാണ്. അതിനുപിന്നാലെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം.
‘ഹേരാ ഫേരി 3’യിൽനിന്ന് പ്രിയദർശൻ പിന്മാറിയതിന് പിന്നാലെയാണ് ടിപ്സ് പിന്തുണയ്ക്കുന്ന ഈ പുതിയ പ്രോജക്ടിന് അദ്ദേഹം സ്ഥിരീകരണം നൽകിയത്. രോഹൻ ശങ്കറിനൊപ്പമാണ് തിരക്കഥാ വികസനം പുരോഗമിക്കുന്നത്. 2026 ഡിസംബറോടെ ചിത്രത്തിന്റെ നിർമ്മാണം ആരംഭിക്കാനാണ് പദ്ധതിയെന്നാണ് റിപ്പോർട്ട്.
കോമഡിയും സാഹസികതയും ത്രില്ലറും വന്യജീവി സംരക്ഷണത്തിന്റെ പശ്ചാത്തലവും ഒരുമിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് പ്രതീക്ഷ. അക്ഷയ് കുമാറിന്റെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കുമോ ജിം കോർബെറ്റിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ വേഷമെന്ന ആകാംക്ഷയിലാണ് ആരാധകർ.