You are currently viewing ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന്റെ പുനർവികസനത്തിന് ₹6.46 കോടിയുടെ ടെൻഡർ

ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന്റെ പുനർവികസനത്തിന് ₹6.46 കോടിയുടെ ടെൻഡർ

കൊല്ലം ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ സമഗ്രമായി പുതുക്കിപ്പണിയുന്നതിനായി ദക്ഷിണ റെയിൽവേ ₹6,46,48,583.20 രൂപയുടെ ടെൻഡർ പുറത്തിറക്കി. സ്റ്റേഷന്റെ ആധുനികവൽക്കരണത്തിനായി സിവിൽ, സ്ട്രക്ചറൽ, ഇലക്ട്രിക്കൽ, യാത്രാസൗകര്യ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന വിപുലമായ പദ്ധതിയാണ് റെയിൽവേ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

ടെൻഡറിന്റെ ഭാഗമായി പ്ലാറ്റ്‌ഫോം 1, 2 എന്നിവയിൽ പ്രധാനമായ മെച്ചപ്പെടുത്തലുകൾ വരുത്തും. ₹1.54 കോടി രൂപ ചിലവിൽ പ്ലാറ്റ്‌ഫോമുകൾ നവീകരിക്കുകയും ആധുനിക കോച്ച് ഇൻഡിക്കേഷൻ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യും. കൂടാതെ ₹2.21 കോടിയിലധികം ചെലവിൽ കോമ്പൗണ്ട് ഭിത്തികൾ, റീറ്റെയ്‌നിങ് വാൾ, പുതിയ എസ്എസ് കുടിവെള്ള ബേസിൻ പൈപ്പ്‌ലൈനുകൾ, സ്റ്റേഷൻ കെട്ടിടത്തിന്റെ പെയിന്റിംഗ് എന്നിവയും നടപ്പിലാക്കും. യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സുരക്ഷ വർദ്ധിപ്പിക്കുക, പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കുക എന്നിവയാണ് ഈ സന്ദർഭത്തിൽ ലക്ഷ്യമിടുന്നത്.

സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡും സർക്കുലേറ്റിംഗ് ഏരിയയും നവീകരിച്ച് യാത്രക്കാർക്ക് കൂടുതൽ സുഗമവും സുരക്ഷിതവുമായ പ്രവേശനം ഉറപ്പാക്കും. പുതിയ പ്ലാറ്റ്‌ഫോം ബെഞ്ചുകൾ, പുനർരൂപകൽപ്പന ചെയ്ത സ്റ്റേഷൻ നെയിംബോർഡുകൾ, പ്ലാറ്റ്‌ഫോമുകൾ 1, 2 എന്നിവിടങ്ങളിൽ സ്റ്റാൻഡേർഡ് ഐആർഎസ്-തരം ഷെൽട്ടറുകൾ എന്നിവയും സ്ഥാപിക്കും. യാത്രക്കാർക്ക് ശുചിത്വമുള്ള കുടിവെള്ളം ലഭ്യമാക്കാൻ ഉയർന്ന നിലവാരത്തിലുള്ള സ്റ്റെയിൻലെസ് സ്റ്റീൽ കുടിവെള്ള ബേസിനുകളും സ്ഥാപിക്കും.

റെയിൽവേ ബോർഡിലും ഡിവിഷണൽ തലത്തിലും നടത്തിയ തുടര്‍ച്ചയായ ഇടപെടലുകളുടെ ഫലമാണ് ഈ ടെൻഡർ എന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ശാസ്താംകോട്ടയുടെയും പരിസര പ്രദേശങ്ങളുടെയും ദീർഘകാല ആവശ്യമായ ഈ പുനർവികസനം പ്രദേശവികസനത്തെയും യാത്രാ സൗകര്യങ്ങളെയും ഗണ്യമായി ഉയർത്തുമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply